നെടുമങ്ങാട് ഒന്നരവയസ്സുകാരന്റെ മരണം ; അധികൃതരുടെ അനാസ്ഥയും കാരണമായി
തിരുവനന്തപുരം: നെടുമങ്ങാട്ട് അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിൽ ഒന്നര വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ അധികൃതരുടെ വീഴ്ചയും കാരണമായി . മരിച്ച അർഷിദ് ക്രൂര പീഡനം നേരിടുന്നുവെന്ന് ആഴ്ചകൾക്കു മുമ്പ് കുട്ടിയുടെ മുത്തശ്ശി റീന ചൈൽഡ് പ്രൊട്ടക്ഷൻ ലൈനിൽ വിളിച്ച് അറിയിക്കുന്നതിന്റെ ഓഡിയോ റെക്കോർഡിങ് വാർത്താ പോർട്ടലായ ദ് ന്യൂസ് മിനുട്ട് പുറത്തുവിട്ടു. കുട്ടി മരിക്കുന്നതിന് 26 ദിവസം മുമ്പുള്ള ശബ്ദരേഖയാണ് പുറത്തുവന്നത്. കുഞ്ഞിന്റെ രണ്ട് കൈകൾക്കും ഒരേസമയം പൊട്ടലേറ്റതിന്റെ ഫോട്ടോകൾ സഹിതം സംശയങ്ങൾ ഉന്നയിച്ചിട്ടും തിരുവനന്തപുരം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് (ഡിസിപിയു) ഇത് കാര്യമായി എടുത്തില്ല.അഖിലയുടെ അമ്മ റീനയാണ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനെ സമീപിച്ചത്. കുഞ്ഞിന്റെ രണ്ട് കൈയും ഒടിഞ്ഞതിന് പിന്നാലെ മേയ് 3നാണ് റീന ഹെൽപ് ലൈനിലേക്ക് വിളിച്ചത്. എന്നാൽ അവരുടെ ആശങ്കകൾ 'തോന്നലുകൾ' മാത്രമാണെന്നും ദേഷ്യം കാരണം അങ്ങനെ പറയുന്നതാകാമെന്നും പറഞ്ഞ് ഉദ്യോഗസ്ഥൻ നിസ്സാരവൽക്കരിച്ചു. കുഞ്ഞിനെ നേരിൽ കാണാനോ പരാതിയിൽ തുടർനടപടി സ്വീകരിക്കാനോ ഡിസിപിയു തയ്യാറായില്ല.
അഷ്‌കർ കുട്ടിയെ ഉപദ്രവിച്ചിരിക്കാമെന്ന സംശയവും അവർ ഉദ്യോഗസ്ഥനോട് പങ്കുവെച്ചു. അർഷിദിന്റെ സുരക്ഷയെക്കുറിച്ച് തനിക്ക് കടുത്ത ആശങ്കയുണ്ടെന്നും അഷ്‌കർ മുമ്പ് കുട്ടിയെക്കുറിച്ച് ഭീഷണിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചിരുന്നുവെന്നും റീന ഉദ്യോഗസ്ഥനോട് പറഞ്ഞിരുന്നു. എന്നാൽ ഉദ്യോഗസ്ഥൻ വിഷയം പൊലീസിലൂടെ മുന്നോട്ടുകൊണ്ടുപോകാനാണ് നിർദേശിച്ചതെന്നും കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാൽ മാത്രമേ നടപടി സ്വീകരിക്കാനാകൂ എന്ന് പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
കുഞ്ഞിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും വട്ടപ്പാറ എസ്‌യുടി ആശുപത്രിയിലും ചികിത്സിച്ചിരുന്നു. ഗുരുതര പരിക്കുകളുള്ള കാര്യം ഡോക്ടർമാർ പൊലീസിനെയോ ശിശുസംരക്ഷണ സമിതിയിലോ അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ സംശയിക്കേണ്ട സാഹചര്യമുണ്ടായിട്ടും മെഡിക്കോ-ലീഗൽ കേസ് എടുക്കാൻ വിസമ്മതിച്ചത് ആരോഗ്യ മേഖലയിലെ വലിയ അനാസ്ഥയാണ്. കുടുംബപ്രശ്‌നങ്ങളുടെ പേരിൽ റീനയ്ക്ക് പരാതി പിൻവലിക്കേണ്ടി വന്നപ്പോഴും, കുഞ്ഞിന്റെ സുരക്ഷ വിലയിരുത്താൻ നെടുമങ്ങാട് പൊലീസും തയ്യാറായില്ല. സിസ്റ്റം ഒന്നാകെ പരാജയപ്പെട്ടതാണ് കുട്ടിയുടെ മരണത്തിന് വഴിവെച്ചതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
മെയ് 29-നാണ് അർഷിദ് മരിച്ചത്. ഓഡിയോ പുറത്തുവന്നതിന് പിന്നാലെ, ഫോൺ സംഭാഷണത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും വിഷയം അന്വേഷിക്കുമെന്നും തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ ഓഫീസർ എസ് ജെ സുജ പ്രതികരിച്ചു. വിഷയത്തിൽ വനിതാ-ശിശു വികസന വകുപ്പിന്റെ ഡയറക്ടറുടെ നിർദേശപ്രകാരം തുടർനടപടി സ്വീകരിക്കുമെന്നും അറിയിച്ചു. അർഷിദിന്റെ മരണത്തിൽ പ്രതികളുടെ പങ്കിനൊപ്പം തന്നെ, കുട്ടിയെ സംരക്ഷിക്കേണ്ട സംവിധാനങ്ങളുടെ വീഴ്ചയും ഇപ്പോൾ ചർച്ചയാവുകയാണ്.