സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം അട്ടിമറിച്ചു ;ഗവർണർക്കെതിരെ വിമർശനവുമായി പിണറായി വിജയൻ

By :  Devina Das
Update: 2026-06-12 07:30 GMT

കോട്ടയം: ഗവർണർ രാജേന്ദ്ര അർലേക്കറിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം അട്ടിമറിച്ചെന്നുംപുതിയ കമ്മീഷണറെ എൽഡിഫ് സർക്കാർ തീരുമാനിച്ചിരുന്നെന്നും നിയമന ഉത്തരവിനയച്ച ഫയൽ ഗവർണർ മാറ്റിവച്ചെന്നും പിണറായി പറഞ്ഞു.

'യുഡിഎഫ് എങ്ങനെയാണ് അധികാരത്തിലേറിയതെന്ന് എല്ലാവരുമൊന്ന് കാണണം. മതനിരപേക്ഷതക്ക് വിട്ടുവീഴ്ച കാണിക്കാത്ത നാടായിരുന്നില്ലേ ഇത്. അവിടെയാണ് എല്ലാവരും എതിർക്കുന്ന വന്ദേമാതരത്തിന്റെ പൂർണരൂപം ചൊല്ലിയത്. ആരെ പ്രീണിപ്പിക്കാനാണ് ഇതെല്ലാം? ആർഎസ്എസ് നയം സ്വീകരിച്ചതിനാലല്ലേ ഇങ്ങനെ സംഭവിച്ചത്. എല്ലാത്തിനും ഗവർണർ നിർബന്ധിച്ചത് കൊണ്ടാണെന്നാണ് അവർ കാരണമായി പറയുന്നത്. ഇതെങ്ങനെ വിശ്വസനീയമായ ന്യായമാകും?' പിണറായി ചോദിച്ചു.

'മഹാത്മാഗാന്ധി സർവകലാശാലയിൽ വൈസ് ചാൻസലറായി ആർഎസ്എസുകാരനെയാണ് ഇവർ നിയമിച്ചിരിക്കുന്നത്. ആർഎസ്എസ്, സംഘ്പരിവാർ താൽപര്യങ്ങളെ ഗവർണർ താലോലിച്ചുകൊണ്ടുപോകുന്നു. എന്തുകൊണ്ടാണ് അതിനെതിരെ നേരിയ ശബ്ദം പോലും സർക്കാർ ഉയർത്താത്തത്? അതേസമയം, എൽഡിഎഫ് സർക്കാരാണ് എല്ലാത്തിനും കാരണമെന്നാണ് അവർ പറഞ്ഞുകൊണ്ടിരിക്കുന്നത്. അതെങ്ങനെയാണ് എൽഡിഎഫ് സർക്കാർ കാരണമാകുന്നതെന്ന് മനസിലാകുന്നില്ല. ഞങ്ങൾക്ക് ഇതിനോടൊന്നും യോജിപ്പില്ലെന്ന് പറയാൻ പോലും എന്തെ സർക്കാരിന് കഴിയാത്തത്? അങ്ങനെ ആർഎസ്എസ് നയങ്ങളോട് എതിരായി ഒന്നും പറയാതെ, മുൻ സർക്കാരിനെ കുറ്റപ്പെടുത്താൻ റോജി എം ജോൺ ശ്രമിക്കുന്നതിൽ നിന്ന് തന്നെ കാര്യങ്ങൾ വ്യക്തമല്ലേ'. പിണറായി പരിഹസിച്ചു.

Similar News