നിപ രോഗിയുടെ നില അതീവഗുരുതരം ; ഹൈ റിസ്‌കിലുള്ള 15 പേര്‍ ക്വാറന്റീനില്‍

By :  Devina Das
Update: 2026-06-12 04:40 GMT

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിപ ബാധിതനായി ചികിത്സയിൽ കഴിയുന്ന 43 കാരന്റെ നില അതീവ ഗുരുതരം . ഐസൊലേഷൻ വാർഡിൽ വെന്റിലേറ്ററിലാണ് ഫറോക്ക് സ്വദേശിയായ യുവാവുള്ളത്. ഇയാളുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയ 15 പേരെ ഹോം ക്വാറന്റീനിലാക്കിയിട്ടുണ്ട്.കൂടുതൽ പേർക്ക് രോഗലക്ഷണം പ്രകടമായാൽ മാത്രം പ്രദേശം കൺടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചാൽ മതിയെന്നാണ് നിലവിലെ തീരുമാനം. ചികിത്സയിലുള്ള നിപ രോഗിക്ക് രോഗലക്ഷണം പ്രകടമായ മെയ് 30 മുതൽ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുന്ന ജൂൺ 10 വരെയുള്ള ദിവസങ്ങളിലെ റൂട്ട് മാപ്പാണ് പുറത്തു വിട്ടിട്ടുള്ളത്. രോഗലക്ഷണം ഉണ്ടായശേഷം കൂടുതൽ സ്ഥലങ്ങളിൽ ഇദ്ദേഹം സഞ്ചരിച്ചിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.

രണ്ട് സ്വകാര്യ ആശുപത്രികൾ, ഫറോക്ക് കോളജിന് അടുത്തുള്ള പോസ്റ്റ് ഓഫീസ്, വീട് തുടങ്ങിയവയാണ് ഇദ്ദേഹം സഞ്ചരിച്ചതായി കണ്ടെത്തിയിട്ടുള്ളത്. ഇവിടങ്ങളിൽ ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. രാമനാട്ടുകര പ്രദേശത്ത് ആർക്കെങ്കിലും രോഗലക്ഷണം കണ്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടാൻ നിർദേശിച്ചിട്ടുണ്ട്. രോഗം ബാധിച്ച ഫറോക്ക് സ്വദേശിയുടെ സമ്പർക്കപ്പട്ടികയിൽ 77 പേരാണ് ഉള്ളത്. ഇതിൽ 58 പേർ ആരോഗ്യപ്രവർത്തകരാണ്.14 കുടുംബാംഗങ്ങൾ, ഇയാളുമായി സമ്പർക്കം പുലർത്തിയ സുഹൃത്തുക്കൾ തുടങ്ങിയവരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ ഹൈ റിസ്‌ക് കാറ്റഗറിയിലുള്ള 15 പേരോടാണ് ക്വാറന്റീനിൽ പോകാൻ നിർദേശിച്ചിട്ടുള്ളത്. കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. നിപ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാ​ഗമായി കൂടുതൽ മരുന്നുകൾ എത്തിക്കാൻ ആരോ​ഗ്യവകുപ്പ് നിർദ്ദേശം നൽകി. രോഗലക്ഷണം ഉണ്ടെങ്കിൽ മാത്രമേ കണ്ടൈൻമെൻ്റ് സോൺ ആയി പ്രഖ്യാപിക്കുകയുള്ളൂ എന്നും നിലവിൽ ആർക്കും രോഗലക്ഷണം കാണിച്ചിട്ടില്ലെന്നും കോഴിക്കോട് ജില്ല കലക്ടർ അറിയിച്ചു.

Similar News