കോൺഗ്രസ്സിന് തിരിച്ചടി ;‘ഇടപെടാൻ പരിമിതി,മീനാക്ഷി നടരാജന്റെ ഹർജി സുപ്രീംകോടതി തള്ളി
ന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജൻ നൽകിയ ഹർജിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു . വരണാധികാരിയുടെ തീരുമാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുക മാത്രമാണ് പരിഹാരമെന്നും ജസ്റ്റിസ് പി കെ മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിച്ചു.മധ്യപ്രദേശിൽ നിന്നാണ് മീനാക്ഷി നടരാജൻ കോൺഗ്രസ് ടിക്കറ്റിൽ രാജ്യസഭയിലേക്ക് മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചത്. എന്നാൽ മീനാക്ഷി നടരാജനെതിരെ ക്രിമിനൽ കേസുണ്ടെന്നും, അക്കാര്യം നാമനിർദേശ പത്രികയിൽ വ്യക്തമാക്കിയിട്ടില്ലെന്നും കാണിച്ചാണ് പത്രിക തള്ളിയത്. എന്നാൽ തനിക്കെതിരെ ക്രിമിനൽ കേസില്ലെന്നാണ് മീനാക്ഷി നടരാജന്റെ വാദം.
നാമനിർദേശ പത്രിക തള്ളിയ വരണാധികാരിയുടെ നടപടിക്കെതിരെയാണ് മീനാക്ഷി നടരാജൻ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് പി കെ മിശ്ര, ജസ്റ്റിസ് എ എസ് ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഒരുരു സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശം റിട്ടേണിങ് ഓഫീസർ തള്ളിയാൽ, തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുക എന്നതാണ് ഉചിതമായ പ്രതിവിധി എന്ന് കോടതി നിരീക്ഷിച്ചു.തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ കോടതിക്ക് ഇടപെടാൻ കഴിയുമോ എന്ന് ജസ്റ്റിസ് പി കെ മിശ്രയും അതുൽ എസ് ചന്ദൂർക്കറും അടങ്ങുന്ന ബെഞ്ച് ചോദിച്ചു. അത്തരം ഇടപെടൽ നടന്ന ഏതെങ്കിലും മുൻകാല വിധികൾ ഉണ്ടോയെന്നും കോടതി ഹർജിക്കാരിയോട് ആരാഞ്ഞു. നാമനിർദ്ദേശം നിരസിക്കപ്പെട്ട തീരുമാനം തെറ്റാണെങ്കിൽ, പ്രതിവിധി തെരഞ്ഞെടുപ്പ് കമ്മീഷനിൽ തന്നെയായിരിക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു.