ശബരിമല കൊടിമര പുനര്‍നിര്‍മാണം: സിനിമ പ്രവർത്തകരുടെ മൊഴി രേഖപ്പെടുത്തി വിജിലൻസ്

Sabarimala Flagpole installation; Vigilance records statements of film personalities

Update: 2026-02-15 07:26 GMT

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട സ്വർണ്ണ സംഭാവന വിവാദത്തിൽ വിജിലൻസ് അന്വേഷണം ഊർജിതമാക്കി. സിനിമാ മേഖലയിലെ പ്രമുഖർ ഉൾപ്പെടെ സ്വർണ്ണം സംഭാവന നൽകിയവരുടെ മൊഴികൾ രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി സംവിധായകൻ ഷാജി കൈലാസും തിരക്കഥാകൃത്ത് രഞ്ജി പണിക്കരും വിജിലൻസിന് മൊഴി നൽകി. നിർമാതാവ് സുരേഷ് കുമാറും മൊഴി നൽകിയിട്ടുണ്ട്.

കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വർണ്ണ സംഭാവനയുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ തയ്യാറാണെന്ന് വിജിലൻസിനെ അറിയിച്ചു. സ്വർണ്ണം സംഭാവന ചെയ്ത 27 പേരുടെ മൊഴികളാണ് വിജിലൻസ് ഇപ്പോൾ രേഖപ്പെടുത്തുന്നത്.

2017ൽ ശബരിമല കൊടിമരം സ്വർണ്ണം പൂശി പുനഃസ്ഥാപിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി വിശ്വാസികളിൽ നിന്ന് സ്വർണ്ണം സംഭാവനയായി സ്വീകരിച്ചിരുന്നു. പമ്പയിൽ 2017 ജൂൺ 5ന് നടന്ന ചടങ്ങിലാണ് ഇത് നടന്നത്. സ്വർണ്ണത്തകിടുകളോ നാണയങ്ങളോ രൂപത്തിലാണ് സംഭാവനകൾ സ്വീകരിച്ചത്. ദേവസ്വം ബോർഡ് രേഖകൾ പ്രകാരം ജൂൺ 5ന് 80.49 ഗ്രാം സ്വർണ്ണവും ജൂൺ 10-ന് 246 ഗ്രാം സ്വർണ്ണവും ലഭിച്ചിരുന്നു.

ഈ സ്വർണ്ണ സംഭാവനകളുടെ കണക്കുകളിൽ പൊരുത്തക്കേടുകളുണ്ടെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിരീക്ഷിച്ചിരുന്നു. വിശ്വാസികളിൽ നിന്ന് ലഭിച്ച സ്വർണ്ണത്തിന് പുറമെ ദേവസ്വം ബോർഡ് പണം നൽകി ഏകദേശം 9 കിലോ സ്വർണ്ണം വാങ്ങിയിരുന്നു. ഇതിന്റെ ഫലമായി കൊടിമരം സ്വർണ്ണം പൂശിയതിന് ശേഷം ഏകദേശം 30 പവൻ സ്വർണ്ണം അധികമായി ലഭിച്ചതായി കണക്കാക്കുന്നു. എന്നാൽ ഈ അധിക സ്വർണ്ണത്തിന്റെ കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.

സംഭാവന നൽകിയവരുടെ പേരുകളും അളവുകളും ശരിയായി രേഖപ്പെടുത്താത്തതും രസീതുകൾ നൽകാത്തതും തട്ടിപ്പിന്റെ ഭാഗമാണോ എന്ന് സംശയിച്ചാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് സംഭാവകരുടെ മൊഴികൾ രേഖപ്പെടുത്തി അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സുരേഷ് ഗോപി, ഷാജി കൈലാസ്, രഞ്ജി പണിക്കർ എന്നിവർ സ്വർണ്ണം സംഭാവന നൽകുന്നതിന്റെ പഴയ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Tags:    

Similar News