ചെറുവള്ളി എസ്റ്റേറ്റ് കേസിൽ സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടി: പാലാ കോടതി ഹർജി തള്ളി; ശബരിമല വിമാനത്താവള പദ്ധതി അനിശ്ചിതാവസ്ഥയിൽ

Sabarimala airport project in limbo as a Pala court rejects petition

Update: 2026-01-19 07:05 GMT

കോട്ടയം: നിർദിഷ്ട ശബരിമല അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള ശ്രമത്തിൽ സർക്കാരിന് കനത്ത പ്രഹരം. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ സർക്കാർ നൽകിയ ഹർജി പാലാ സബ് കോടതി തള്ളി.

2263 ഏക്കർ ഭൂമി സർക്കാർ ഉടമസ്ഥതയിലുള്ളതാണെന്ന അവകാശവാദം കോടതി നിരാകരിച്ചു. ഈ ഭൂമി സർക്കാർ ഭൂമിയല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹർജി തള്ളിയത്. കോടതി വിധിയോടെ ശബരിമല വിമാനത്താവള പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

എസ്റ്റേറ്റ് ഭൂമിയുമായി ബന്ധപ്പെട്ട അയന ചാരിറ്റബിൾ ട്രസ്റ്റിന്റെ (ബിലീവേഴ്സ് ചർച്ചിന് കീഴിലുള്ളത്) വാദങ്ങൾ കോടതി അംഗീകരിച്ചു. ശബരിമല വിമാനത്താവളത്തിനായി സർക്കാർ കണ്ടെത്തിയ ഭൂമിയിലാണ് ഈ അവകാശ തർക്കം ഉണ്ടായിരുന്നത്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന 2263 ഏക്കർ ഭൂമിയാണ് ഇതിൽ ഉൾപ്പെടുന്നത്.

കേസിലെ എതിർകക്ഷികളായ അയന ചാരിറ്റബിൾ ട്രസ്റ്റും ഹാരിസൺസ് മലയാളം പ്ലാന്റേഷൻസ് ലിമിറ്റഡും ആണ് പ്രധാന ഭൂമി ഉടമകൾ. 2019-ൽ ആരംഭിച്ച നിയമയുദ്ധത്തിനൊടുവിലാണ് ഇപ്പോൾ പാലാ കോടതി സർക്കാരിനെതിരെ വിധി പ്രസ്താവിച്ചത്.

ഈ തീരുമാനം ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിയെ കൂടുതൽ സങ്കീർണമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags:    

Similar News