ആശ്വാസ വാര്‍ത്ത;കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി
ബംഗളൂരു: കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിയായ ശരണ്യയെ കണ്ടെത്തി. കാട്ടിൽ കാണാതായി നാലു ദിവസത്തിന് ശേഷം പൊലീസും വനംവകുപ്പും നടത്തിയ വ്യാപകമായ തിരച്ചിലിലാണ് ശരണ്യയെ ഇന്ന് ജീവനോടെ കണ്ടെത്തിയത്. ട്രക്കിങ്ങിനിടെ ശരണ്യയ്ക്ക് വഴിതെറ്റുകയായിരുന്നു. തെർമൽ ഡ്രോൺ അടക്കം ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ശരണ്യയെ വൈകീട്ടോടെ കണ്ടെത്തിയത്. നാലുദിവസം കാട്ടിൽ കഴിഞ്ഞ ശരണ്യയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.ഏപ്രിൽ 2ന് ഒറ്റയ്ക്കാണ് കൊച്ചിയിൽ നിന്ന് ശരണ്യ കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്. അന്നേദിവസം രാവിലെ 8:15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ട്രക്കിങ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ളതിനാൽ മറ്റ് 10 പേർ അടങ്ങുന്ന സംഘത്തിനൊപ്പം പോകാൻ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഫോൺ സിഗ്നൽ നഷ്ടപ്പെട്ടു. ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്തു.
കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയന്റമോൾ കയറാനെത്തിയതായിരുന്നു ശരണ്യ. ഇതിന്റെ മുകളിൽ എത്തിയാൽ കുടകിന്റെ ഭംഗി പൂർണമായി ആസ്വദിക്കാൻ കഴിയും എന്നതിനാൽ നിരവധിപ്പേരാണ് ഓരോ ദിവസവും ഇവിടെ എത്തുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഇത് ആദ്യമായിട്ടാണ് ഇവിടെ ട്രക്കിങ്ങിനിടെ ഒരാളെ കാണാതാവുന്നതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.