രാഹുൽ ഗാന്ധിയുടെ ഇരട്ട പൗരത്വം:കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്‍മാറി
ന്യൂഡല്‍ഹി: ഇരട്ട പൗരത്വം ഉപയോഗിച്ച് ഇന്ത്യയിലെ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുഭാഷ് വിദ്യാര്‍ഥി പിന്മാറി. ഹര്‍ജിക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പുകളാണ് പിന്മാറാന്‍ ജഡ്ജിയെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ആഴ്ച രാഹുല്‍ ഗാന്ധിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് വൈകിപ്പിക്കാനുള്ള കോടതി തീരുമാനത്തെ പരിഹസിച്ചുകൊണ്ടായിരുന്നു ഹര്‍ജിക്കാരന്റെ പോസ്റ്റുകള്‍.പിന്‍മാറിയ ശേഷം ജഡ്ജി ഇപ്രകാരം പറഞ്ഞു: 'സോഷ്യല്‍ മീഡിയയിലെ ഹര്‍ജിക്കാരന്റെ സന്ദേശങ്ങള്‍ അദ്ദേഹം ഈ കോടതിക്കെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതായി സൂചിപ്പിക്കുന്നു... ഹര്‍ജിക്കാരന് ഈ കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍... ഈ കേസ് ഇനിമേല്‍ കേള്‍ക്കുന്നത് ഉചിതമാണെന്ന് കോടതി കരുതുന്നില്ല'.
ശരിയായ വിവരങ്ങള്‍ കോടതിക്ക് മുമ്പാകെ ഹാജരാക്കുന്നതില്‍ വരുത്തിയ പിഴവ് സമ്മതിക്കുന്നതിന് പകരം, തുറന്ന കോടതിയില്‍ പറഞ്ഞ ഉത്തരവ് അപ്ലോഡ് ചെയ്തില്ലെന്ന് പറഞ്ഞ് ഹര്‍ജിക്കാരന്‍ കോടതിയെ കുറ്റപ്പെടുത്തുകയാണ് ചെയ്തതെന്ന് ജഡ്ജി നിരീക്ഷിച്ചു.