പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ കാലാവധി ഒരു വർഷം കൂടി നീട്ടി
Police Chief Ravada Chandrasekhar's appointment extended for another year
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) റവാഡ ചന്ദ്രശേഖറിന്റെ നിയമനം ഒരു വർഷത്തേക്ക് കൂടി നീട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
2026 ജൂൺ 30-ന് വിരമിക്കേണ്ടിയിരുന്ന അദ്ദേഹത്തിന് 2027 ജൂൺ 30 വരെ ചുമതല തുടരാൻ അനുവാദം നൽകിയിരിക്കുകയാണ്.
ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി സ്വദേശിയായ റവാഡ ചന്ദ്രശേഖർ 1991 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ്. പ്രകാശ് സിങ് കേസിലെ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ കാലാവധി നീട്ടൽ.
കൂടാതെ, പൊലീസ് വകുപ്പിൽ 51 അധിക തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു. പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർമാരുടെ തുല്യ എണ്ണം തസ്തികകൾ അപ്ഗ്രേഡ് ചെയ്ത് 4 സബ് ഇൻസ്പെക്ടർ ഡ്രൈവർ, 12 അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഡ്രൈവർ, 35 ഹെഡ് കോൺസ്റ്റബിൾ ഡ്രൈവർ തസ്തികകളാണ് പുതുതായി സൃഷ്ടിക്കുന്നത്. പ്രമോഷൻ തസ്തികകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഫീഡർ തസ്തികകളുടെ അപര്യാപ്തതയും ജീവനക്കാരുടെ പ്രമോഷനിലെ സ്തംഭനാവസ്ഥയും പരിഹരിക്കാനാണ് ഈ നടപടി.