ബിഹാറിൽ വിഷമദ്യ ദുരന്തം ;മരണം അഞ്ചായി; 12 പേര്‍ അറസ്റ്റില്‍

By :  Devina Das
Update: 2026-04-04 05:12 GMT

പട്‌ന: ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലുണ്ടായ വിഷ മദ്യ ദുരന്തത്തിൽ മരണം അഞ്ചായി. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ് ചെയ്തു . വ്യാഴാഴ്ച മുതലാണ് ജില്ലയിലെ തുർകൗലിയ, രഘുനാഥ്പൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്. 25കാരനാണ് ആദ്യം മരിച്ചത്. എന്നാൽ മരണ വിവരം പൊലീസിനെ അറിയിക്കാതെ യുവാവിന്റെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. നിരവധി പേർ നിലവിൽ ചികിത്സയിൽ തുടരുകയാണ്.മരണസംഖ്യ ഉയർന്നതോടെ കൂടുതൽ നടപടികൾ ആരംഭിച്ചതായി കിഴക്കൻ ചമ്പാരൻ ജില്ലാ മജിസ്ട്രേറ്റ് സൗരഭ് ജോർവാൾ അറിയിച്ചു. മരണസംഖ്യ അഞ്ചായി ഉയർന്നതായും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചതായും അദ്ദേഹം പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ കൃത്യമായ മരണകാരണം വ്യക്തമാകൂ.

തുർകൗലിയ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയെ സസ്‌പെൻഡ് ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.മരിച്ചവരുടെ കുടുംബാംഗങ്ങളുടെ പരാതിയെത്തുടർന്ന് പൊലീസ് കൊലപാതകത്തിന് കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി പൊലീസ് സൂപ്രണ്ട് സ്വർൺ പ്രഭാത് പറഞ്ഞു. രഘുനാഥ്പൂരിൽ നിന്നാണ് മരിച്ച ആദ്യത്തെയാൾ വ്യാജമദ്യം കഴിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. മദ്യം എത്തിച്ചുനൽകിയയാളെ തിരിച്ചറിഞ്ഞതായും ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

Similar News