ഫോട്ടോഷൂട്ടിനായി ഉപയോഗിച്ച പിങ്ക് ചായമടിച്ച ആന ചരിഞ്ഞു ;പിന്നാലെ വിവാദം
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിൽ ഫോട്ടോഷൂട്ടിനായി ഉപയോഗിച്ച പിങ്ക് ചായമടിച്ച ആന ചരിഞ്ഞ സംഭവത്തിൽ വിവാദം ആളിക്കത്തുന്ന . റഷ്യൻ ഫോട്ടാഗ്രാഫറായ ജൂലിയ ബുറുലേവ കഴിഞ്ഞ ഡിസംബറിലാണ് പിങ്ക് നിറം പെയിന്റുചെയ്ത ആനയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഷൂട്ടിൽ ചഞ്ചൽ എന്ന പിടിയാനയും യശസ്വി എന്ന മോഡലുമാണ് പങ്കെടുത്തത്.
ഫോട്ടോഷൂട്ടിനായി ആനയുടെ ദേഹത്ത് പിങ്ക് ചായമടിച്ചിരുന്നു. ഇതോടെ, ചായംപൂശിയതാണ് ചരിയാൻ കാരണമെന്ന വാദവുമായി മൃഗസ്‌നേഹികൾ രംഗത്തെത്തുകയായിരുന്നു. എന്നാൽ പ്രായാധിക്യത്തെത്തുടർന്നാണ് ആന ചരിഞ്ഞതെന്ന് ഉടമ ഉൾപ്പെടെയുള്ളവർ പറഞ്ഞെങ്കിലും ആനയോടു ചെയ്ത ക്രൂരതയാണിതെന്ന വാദവുമായാണ് മൃഗസ്‌നേഹികൾ രംഗത്തുവന്നത്.ഫെബ്രുവരിയിലാണ് ആന ചരിഞ്ഞത്. ഹോളി ആഘോഷത്തിലും മറ്റും ഇങ്ങനെ ആനകളുടെ പുറത്ത് ചായംപൂശാറുണ്ടെന്നും അത് അപകടത്തിന് കാരണമാകില്ലെന്നും ആനകളെ പരിപാലിക്കുന്നവർ പറയുന്നു.
ഒരുഭാഗം മാത്രമേ ചായമടിച്ചുള്ളൂയെന്നും ഫോട്ടോയെടുത്ത് പത്തുമിനിറ്റിനകം നിറം കഴുകിക്കളഞ്ഞെന്നും അനയുടെ ഉടമ സാദിഖ് ഖാൻ പറഞ്ഞു. എന്നാൽ മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാൻ നിയമനിർമാണം വേണമെന്നാണ് മൃഗസംരക്ഷണസംഘടനയുടെ ആവശ്യം.