എല്ലാ മേഖലകളിലും ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധികര്‍ശനമായി നടപ്പിലാക്കും ;കര്‍ണാടക സർക്കാർ
ബംഗളൂരു: എല്ലാ മേഖലകളിലും ശമ്പളത്തോടുകൂടിയ ആർത്തവ അവധി നയം കർശനമായി നടപ്പിലാക്കുമെന്ന് കർണാടക തൊഴിൽ മന്ത്രി സന്തോഷ് ലാഡ്. നിർദ്ദിഷ്ട നിയമം ഔദ്യോഗികമായി പാസാക്കുന്നത് വരെ ആർത്തവ അവധി നടപ്പിലാക്കാൻ കർണാടക ഹൈക്കോടതി അടുത്തിടെ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. ആർത്തവ അവധി നയത്തിന് പിന്തുണ നൽകിക്കൊണ്ടുള്ള കർണാടക ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.
ആർത്തവ അവധി നയം സമഗ്രമായും രാജ്യത്തിന് തന്നെ മാതൃകയാകുന്ന രീതിയിൽ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ഉറച്ച നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് 'എക്‌സിൽ' പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു. ആർത്തവ അവധി എന്നത് സ്ത്രീകളുടെ അന്തസ്സിന്റെയും നീതിയുടെയും അവരുടെ ജീവിതയാഥാർത്ഥ്യങ്ങളെ മാനുഷികമായി അംഗീകരിക്കുന്നതിന്റെയും വിഷയമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. മാസത്തിൽ ഒരു ദിവസം, അല്ലെങ്കിൽ വർഷത്തിൽ 12 ദിവസം എന്ന കണക്കിൽ ശമ്പളത്തോടുകൂടിയ ആർത്തവ അവധി എല്ലാ മേഖലകളിലും എത്രയും വേഗം ഞങ്ങൾ നടപ്പിലാക്കും, അദ്ദേഹം കൂട്ടിച്ചേർത്തു