സ്ത്രീധനത്തിന്റെ പൂർണാവകാശി സ്ത്രീമാത്രം ;അലഹാബാദ് ഹൈക്കോടതി
ന്യൂഡൽഹി: സ്ത്രീധനത്തിന്റെ പൂർണാവകാശി സ്ത്രീ മാത്രമാണെന്നും അതിന്റെ പേരിലുള്ള വിശ്വാസവഞ്ചനക്കുറ്റം നിലനിൽക്കില്ലെന്നും അലഹാബാദ് ഹൈക്കോടതി. 'വിവാഹത്തിനു മുൻപോ ശേഷമോ സ്ത്രീക്കു നൽകുന്ന സ്വത്ത് അവളുടെ സ്വന്തമാണ്. ഭാര്യയുടെയും ഭർത്താവിന്റെയും പൊതുസ്വത്തായി മാറില്ല.കോടതി വ്യക്തമാക്കി.
സ്ത്രീധനം സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കാൻ ഭാര്യയ്ക്ക് എല്ലാ അവകാശവുമുണ്ട്. കഷ്ടകാലത്ത് ഈ സ്വത്ത് ഉപയോഗപ്പെടുത്താമെങ്കിലും അതു വീണ്ടെടുത്തുനൽകാനുള്ള ധാർമിക ബാധ്യത ഭർത്താവിനുണ്ടെന്നും ജസ്റ്റിസ് ചവൻ പ്രകാശ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.2012 ൽ വിവാഹിതരായ ദമ്പതികളുമായി ബന്ധപ്പെട്ടതായിരുന്നു കേസ്. അധിക സ്ത്രീധനം ആവശ്യപ്പെടുന്നെന്നു ചൂണ്ടിക്കാട്ടി ഭാര്യ ഭർത്താവിനും കുടുംബത്തിനുമെതിരെ കേസു നൽകി. ഭാര്യയ്ക്കും കുട്ടിക്കും ജീവനാംശം നൽകാൻ കോടതി വിധിച്ചു. അതിനിടെ, ഭാര്യ വീട്ടിലെത്തി സ്വർണാഭരണങ്ങളും പണവും അപഹരിച്ചെന്നുചൂണ്ടിക്കാട്ടി ഭർത്താവ് പരാതി നൽകി. സ്ത്രീ വിചാരണ നേരിടണമെന്നു മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടപ്പോൾ അവർ ഹൈക്കോടതിയെ സമീപിച്ചു.