അസമിൽ 18 വയസിന് മുകളിലുള്ളവര്‍ക്ക് ഇനി ആധാര്‍ കാര്‍ഡ് ഇല്ല;തീരുമാനവുമായി സർക്കാർ

By :  Devina Das
Update: 2026-06-13 11:20 GMT

ഗുവഹാത്തി: അസമിൽ 18 വയസ്സിന് മുകളിലുള്ളവർക്ക് ആധാർ കാർഡുകൾ നൽകേണ്ടതില്ലെന്ന തീരുമാനവുമായി സർക്കാർ. മുഖ്യമന്ത്രി ഹിമന്തബിശ്വ ശർമയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് ഇത്തരം തീരുമാനം. അനധികൃത കുടിയേറ്റക്കാർക്ക് അധാർ കാർഡ് ലഭിക്കാതിരിക്കാനാണ് നടപടി .

അസാധാരണമായ കേസുകളിൽ ഒഴികെ പ്രായപൂർത്തിയായവർക്ക് ഇനി ആധാർ കാർഡുകൾ നൽകില്ലെന്ന് കാബിനറ്റ് യോഗത്തിന് ശേഷം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. പതിനെട്ട് വയസിന് മുകളിലുള്ളവർ ആധാറിനുള്ള അപേക്ഷകൾ ജില്ലാ കലക്ടർ വഴി അയക്കേണ്ടതുണ്ടെന്നും, ഇത് അംഗീകാരത്തിനായി സംസ്ഥാന സർക്കാരിന് സമർപ്പിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അപേക്ഷകൻ ആധാർ കാർഡിന് യോഗ്യനാണോ എന്ന് അതിനുശേഷം സർക്കാർ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.നിലവിലെ ജനസംഖ്യ അനുസരിച്ച് അധാർ കാർഡ് വിതരണം ഏതാണ്ട് നൂറ് ശതമാനം പൂർത്തിയായതായി മുഖ്യമന്ത്രി പറഞ്ഞു. ചില ജില്ലകളിൽ ജനസംഖ്യയെക്കാൾ കുടുതൽ അധാർ അപേക്ഷകൾ ലഭിക്കുന്നുണ്ടെന്നും ഇത് ബംഗ്ലാദേശി കുടിയേറ്റക്കാരാണെന്നുമാണ് സർക്കാർ പറയുന്നത്. അപേക്ഷ നൽകുന്നവർ ആരാണെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അനധികൃത ബംഗ്ലാദേശികളാരും ആധാർ കാർഡ് കൈക്കലാക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഈ നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, തോട്ടം തൊഴിലാളി സമൂഹത്തിലെയും പട്ടികവർഗ്ഗ വിഭാഗങ്ങളിലെയും പലർക്കും ഇനിയും ആധാർ ലഭിക്കാനുള്ളതിനാൽ അവർക്ക് കാർഡുകൾ നൽകുന്നത് തുടരുമെന്ന് ശർമ്മ പറഞ്ഞു. ഇവർക്ക് 2027 മാർച്ച് 31 വരെ സമയം അനുവദിക്കും. ഏപ്രിൽ 1 മുതൽ ഈ വിഭാഗങ്ങളിൽ പെട്ട 18 വയസ്സിന് മുകളിലുള്ളവർക്കും ആധാർ കാർഡുകൾ നൽകുന്നത് നിർത്തലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar News