വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം
ന്യൂഡൽഹി: ആഭ്യന്തര വിമാന യാത്രകളിൽ സീറ്റ് തെരഞ്ഞെടുക്കുന്ന ഘട്ടത്തിൽ കുറഞ്ഞത് 60 ശതമാനം സീറ്റുകളില്ലെങ്കിലും അധിക ചാർജ് ഈടാക്കരുതെന്ന് കേന്ദ്രം. ഒരേ പിഎൻആർ നമ്പറിൽ ഒന്നിലധികം യാത്രക്കാർക്ക് ഒരുമിച്ച് യാത്ര ചെയ്യാൻ കഴിയുന്നുവെന്ന് ഉറപ്പാക്കണമെന്നും വിമാനക്കമ്പനികളോട് കേന്ദ്രസർക്കാർ നിർദേശിച്ചു. ബുധനാഴ്ച സർക്കാർ പ്രഖ്യാപിച്ച പുതിയ യാത്രാ സൗഹൃദ നടപടികളിലാണ് ഇക്കാര്യങ്ങൾ ഉൾപ്പെടുന്നത്.സീറ്റ് തെരഞ്ഞെടുക്കലിനും മറ്റ് സേവനങ്ങൾക്കും വിമാനക്കമ്പനികൾ ഈടാക്കുന്ന ഉയർന്ന നിരക്കുകളെ കുറിച്ച് പരാതികൾ ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ നിർദേശങ്ങൾ കേന്ദ്രസർക്കാർ മുന്നോട്ടുവെച്ചത്. ഈ നിർദേശങ്ങൾ നടപ്പാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോട് (DGCA) വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, യാത്രക്കാർക്ക് ന്യായമായ പ്രവേശനം ഉറപ്പാക്കാൻ ഭൂരിഭാഗം സീറ്റുകളും അധിക ചെലവില്ലാതെ ലഭ്യമാക്കണം. ഒരേ പിഎൻആറിൽ ബുക്ക് ചെയ്ത യാത്രക്കാർക്ക് ഒരുമിച്ച് യാത്ര ചെയ്യാൻ കഴിയുന്ന സാഹചര്യം ഒരുക്കണം. യാത്രയ്ക്കിടെ സംഗീതോപകരണങ്ങളോ സ്പോർട്സ് കിറ്റുകളോ കേടുവരുന്നത് മൂലം യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. യാത്രക്കാർക്ക് അനുയോജ്യമായ രീതിയിൽ സംഗീതോപകരണങ്ങളും സ്പോർട്സ് കിറ്റുകളും കേടുകൂടാതെ എത്തിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണം. യാത്രക്കാരുടെ അവകാശങ്ങൾ ഊന്നിപ്പറഞ്ഞുകൊണ്ട്, നിലവിലുള്ള മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കാർ നിർദേശിച്ചു.