നിതിൻരാജിന്റെ മരണം ;ഗുരുതര ആരോപണങ്ങളില്‍ ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് സമർപ്പിക്കണം ,മനുഷ്യാവകാശകമ്മീഷൻ
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കണ്ണൂർ സിറ്റി പൊലീസ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കുടുംബം ഉയർത്തുന്ന ഗുരുതര ആരോപണങ്ങളിൽ ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം. ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കണ്ണൂർ സിറ്റി പൊലീസ് മേധാവിക്കാണ് നിർദ്ദേശം നൽകിയത്.തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആർ.എൽ. നിതിൻ രാജിന്റെ മരണത്തിൽ കോളേജിലെ അധ്യാപകൻ ജാതി പറഞ്ഞും മറ്റും അപമാനിച്ചതായി പിതാവ് ആരോപണം ഉന്നയിച്ചിരുന്നു. ഇതുൾപ്പെടെയുള്ള മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിതിനെ കോളേജ് കെട്ടിടത്തിന് താഴെ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിതിൻ ആത്മഹത്യ ചെയ്യില്ലെന്നും അധ്യാപകരുടെ നിരന്തരമായ മാനസിക പീഡനമാണ് മരണത്തിന് പിന്നിലെന്നുമാണ് ബന്ധുക്കളുടെ ആരോപണം. നിതിന്റെ ജാതിയെയും നിറത്തെയും സാമ്പത്തിക സ്ഥിതിയെയും പരിഹസിച്ച് അധ്യാപകർ പരസ്യമായി അധിക്ഷേപിച്ചിരുന്നതായി പിതാവ് രാജൻ മാധ്യമങ്ങളോട് പറഞ്ഞു. നിതിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഉഴുമലയ്ക്കലെ വീട്ടിലെത്തിക്കും. തുടർന്നായിരിക്കും സംസ്‌കാര ചടങ്ങുകൾ.