കൊല്ലത്ത് മത്സരിക്കാൻ ആഗ്രഹിച്ചതല്ല; പാർട്ടി തീരുമാനമനുസരിക്കും: മുകേഷ്
Never requested to contest from Kollam; will abide by party's descisions: Sitting MLA M Mukesh clarifies stand
കൊല്ലം: കൊല്ലം നിയമസഭാ മണ്ഡലത്തിൽ മത്സരിക്കണമെന്ന് താൻ ഒരിക്കലും ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ലെന്ന് സിറ്റിങ് എംഎൽഎയും നടനുമായ എം. മുകേഷ് വ്യക്തമാക്കി. സിനിമയിലോ രാഷ്ട്രീയത്തിലോ അവസരങ്ങൾ ചോദിച്ചിട്ടുമില്ല.
പാർട്ടി എന്ത് തീരുമാനമെടുക്കുന്നുവോ അതനുസരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജയമോഹൻ സ്ഥാനാർഥിയായാൽ പൂർണമായും അദ്ദേഹത്തിനൊപ്പം നിന്ന് പ്രവർത്തിക്കുമെന്നും മുകേഷ് ഉറപ്പിച്ചു. "ജയമോഹൻ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട നേതാവാണ്. അദ്ദേഹം വൻ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും" മുകേഷ് കൊല്ലത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പലയിടത്തും തിരിച്ചടി നേരിട്ടപ്പോഴും കൊല്ലം മണ്ഡലത്തിൽ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചത് എടുത്തുപറഞ്ഞ മുകേഷ്, അത് പലരും മറച്ചുവെക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. "ഞാൻ ഇറങ്ങിപ്പോകുമ്പോൾ ചെയ്ത വികസന പ്രവർത്തനങ്ങൾ ജനങ്ങൾ അംഗീകരിച്ചതിന്റെ തെളിവാണത്" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഇനിയും കൂടുതലാകുമെന്നും സർക്കാരിന്റെ വികസന പ്രവർത്തനങ്ങളായിരിക്കും ജനങ്ങൾ വിലയിരുത്തുകയെന്നും മുകേഷ് പറഞ്ഞു. കൊല്ലം മണ്ഡലം എൽഡിഎഫ് ഉറപ്പായും നിലനിർത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. മറ്റു ചില വിഷയങ്ങൾ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവയ്ക്ക് അധികം ആയുസ്സുണ്ടാകില്ലെന്നും അവസാനം ജനങ്ങൾ വികസനത്തെക്കുറിച്ചായിരിക്കും ചർച്ച ചെയ്യുകയെന്നും മുകേഷ് അഭിപ്രായപ്പെട്ടു.