പശ്ചിമേഷ്യൻ സംഘർഷം;വ്യോമപാത തുറന്ന് ബഹ്‌റൈന്‍,വിമാനസർവീസുകൾ പുനരാരംഭിക്കും
മനാമ:പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് അടച്ചിട്ടിരുന്ന വ്യോമപാത തുറന്ന് ബഹ്‌റൈൻ. വിമാന സർവീസുകൾ പുനരാരംഭിക്കാൻ സിവിൽ ഏവിയേഷൻ കാര്യാലയത്തിന്റെ അനുമതി ലഭിച്ചതിനു പിന്നാലെയാണ് നടപടി.മേഖലയിൽ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ രൂക്ഷമായ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയെന്ന നിലയിലാണ് വ്യോമപാത താൽക്കാലികമായി അടച്ചിരുന്നത്. സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് ഇപ്പോൾ നിയന്ത്രണങ്ങൾ നീക്കിയത്.ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വിമാന ഗതാഗതം സുഗമമായി നടത്തുന്നതിന് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് സിവിൽ ഏവിയേഷൻ കാര്യാലയം വ്യക്തമാക്കി. വിമാനയാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനായി ബന്ധപ്പെട്ട മറ്റ് അധികാരികളുമായി ചേർന്ന് നിരന്തരമായ ഏകോപനം തുടർന്നുവരികയാണെന്നും അറിയിച്ചു.
ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വിമാന സർവീസുകൾ സുഗമമായി നടത്തുന്നതിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വ്യോമപാത തുറന്നതോടെ കുടുങ്ങിക്കിടക്കുന്ന വിമാന സർവീസുകൾ ഉടൻ തന്നെ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.