സർക്കാരിന് വൻ പ്രഹരം: നവകേരള സർവേ ഹൈക്കോടതി റദ്ദാക്കി

Kerala High Court quashes Kerala Government's Nava Kerala Survey

Update: 2026-02-17 07:30 GMT

കൊച്ചി: സംസ്ഥാന സർക്കാരിന്റെ നവകേരള സർവേ (നവകേരള സിറ്റിസൻ റെസ്പോൺസ് പ്രോഗ്രാം) കേരള ഹൈക്കോടതി റദ്ദാക്കി.

രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി, പ്രത്യേകിച്ച് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, പൊതുഖജനാവിലെ പണം ഉപയോഗിച്ച് നടത്തുന്ന സർവേ നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൗമേൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെതാണ് ഈ ഉത്തരവ്.

കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും മറ്റൊരു ഹർജിക്കാരനായ പെരുമ്പാവൂർ സ്വദേശി എം.എച്ച്. മുബാസും ചേർന്നാണ് സർവേയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് എൽഡിഎഫിന്റെ പ്രകടനപത്രിക തയ്യാറാക്കാനുള്ള വിവരങ്ങൾ ശേഖരിക്കാൻ സർക്കാർ പൊതുപണം ചെലവഴിക്കുന്നുവെന്നും, പാർട്ടി പ്രവർത്തകരെ ഉപയോഗിച്ചാണ് സർവേ നടത്തുന്നതെന്നും ആരോപിച്ചായിരുന്നു ഹർജി. ഇത്തരം പ്രവർത്തനങ്ങൾ തടയണമെന്നായിരുന്നു പ്രധാന ആവശ്യം.

ഹർജി പരിഗണിച്ച കോടതി, സർവേയ്ക്ക് ധനകാര്യ വകുപ്പിന്റെ ആവശ്യമായ അനുമതി ഇല്ലെന്നും, ബജറ്റിൽ ഇതിനായി വകയിരുത്തൽ നടത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. പൊതുഫണ്ട് ഇത്തരം രാഷ്ട്രീയാക്രമണങ്ങൾക്ക് ഉപയോഗിക്കുന്നത് സാമ്പത്തിക നിയമങ്ങളുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. അതിനാൽ സർക്കാരിന്റെ സർവേ ഉത്തരവ് പൂർണമായും റദ്ദാക്കുകയായിരുന്നു.

ഈ വിധി സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

Tags:    

Similar News