‘മുഖ്യപ്രതികരണത്തിന്’ കെ. കെ. ശൈലജയെ മുന്നോട്ടുവച്ചത് പാർട്ടി തീരുമാനപ്രകാരം; ലക്ഷ്യം വനിതാ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കുകയോ? റിഹേഴ്സലാണെന്ന് വി.ഡി. സതീശൻ
K K Shailaja's role at Niyamasabha today and indicator of things to come
തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിൽ സർക്കാരിനെ പ്രതിരോധിക്കാൻ സിപിഎം കെ. കെ. ശൈലജയെ നിയോഗിച്ചതാണോ? അടുത്ത തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ശൈലജ മാറുമോ?
നിയമസഭയ്ക്കു മുന്നിൽ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത് ശൈലജയായിരുന്നു എന്നത് സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് തന്ത്രമായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
സാധാരണയായി സഭയിൽ സമരം നടത്തി സ്തംഭിപ്പിച്ച ശേഷം പുറത്തിറങ്ങി മാധ്യമങ്ങളോട് സംസാരിക്കുന്നത് പ്രതിപക്ഷമാണ്. എന്നാൽ ഇന്ന് അവരെ മറികടന്ന് ആദ്യം മാധ്യമങ്ങളെ കണ്ടത് ഭരണപക്ഷമായിരുന്നു. കഴിഞ്ഞ കാലങ്ങളിൽ ഇത്തരം കാഴ്ച കണ്ടിട്ടില്ല. ഇതിനൊപ്പം മറ്റൊരു പ്രത്യേകതയും ഉണ്ടായിരുന്നു—മാധ്യമങ്ങളോട് വിശദീകരണം നൽകിയത് കെ. കെ. ശൈലജയാണ്.
എം. വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള സിപിഎമ്മിലെയും ഘടകകക്ഷികളിലെയും മുതിർന്ന എംഎൽഎമാർ ഉണ്ടായിരുന്നിട്ടും ശൈലജയാണ് മുന്നിലെത്തിയത്. കാര്യങ്ങൾ വ്യക്തമായി വിശദീകരിച്ച ശൈലജ, നോട്ടീസ് പോലും നൽകാതെ ഇറങ്ങിപ്പോയ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. എൽഡിഎഫിലെ എല്ലാ ഘടകകക്ഷികളിലെയും എംഎൽഎമാർ ശൈലജയ്ക്കൊപ്പം അണിനിരന്നിരുന്നു.
തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മുന്നിൽ നിന്ന് നയിക്കുമെന്ന് സിപിഎമ്മുകാർ ഏകസ്വരത്തിൽ പറയുമ്പോഴും, കേരളത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി കെ. കെ. ശൈലജയെ ഉയർത്തിക്കാട്ടാനുള്ള ഒരുക്കങ്ങൾ ആരംഭിച്ച സൂചനയായാണ് ഇന്നത്തെ നീക്കത്തെ കാണേണ്ടതെന്നാണ് വിലയിരുത്തൽ. സിപിഎമ്മിൽ ഇത്തവണ ‘ടേം’ നിയന്ത്രണം ഉണ്ടാകില്ലെന്ന് ഏകദേശം ഉറപ്പായ സാഹചര്യത്തിലാണ് ശൈലജയെ മുന്നോട്ടുവയ്ക്കുന്ന ഭരണപക്ഷ നീക്കം.
എം. വി. ഗോവിന്ദൻ മത്സരിക്കാത്ത സാഹചര്യത്തിൽ, പിണറായി കൂടി മത്സരിക്കാതിരുന്നാൽ ശൈലജ മത്സരിക്കുകയാണെങ്കിൽ മുഖ്യമന്ത്രി സ്ഥാനാർഥി ആരാണെന്നതിന് വേറെ വിശദീകരണം ആവശ്യമില്ലെന്നാണ് സിപിഎം വൃത്തങ്ങൾ കരുതുന്നത്. മുൻകാലങ്ങളിൽ കെ. ആർ. ഗൗരിയമ്മയെയും സുശീല ഗോപാലനെയും മുഖ്യമന്ത്രിയാക്കുമെന്ന പ്രചാരണമുണ്ടായിരുന്നെങ്കിലും അത് യാഥാർഥ്യമായില്ല.
ഭരണപക്ഷം മാധ്യമങ്ങളെ കണ്ട സമയത്ത് സഭയ്ക്കു മുന്നിൽ പ്രതിഷേധിച്ചിരുന്ന പ്രതിപക്ഷം പിന്നീട് മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ ഈ അസാധാരണ നടപടി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആദ്യമായാണ് ഭരണപക്ഷം പുറത്തിറങ്ങി മാധ്യമങ്ങളെ നേരിട്ടത് എന്നും, അടുത്ത അഞ്ചു വർഷത്തേക്കുള്ള റിഹേഴ്സലായി അതിനെ കാണുന്നുവെന്നും പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പരിഹസിച്ചു.