തെക്കൻ ലെബനനിൽ യേശുക്രിസ്തുവിന്റെ പ്രതിമ തകർത്ത് ഇസ്രയേൽ സൈനികൻ
ബെയ്‌റൂത്ത് : തെക്കൻ ലെബനനിലെ ഡെബേലിൽ യേശുക്രിസ്തുവിന്റെ പ്രതിമ തകർത്തത് ഇസ്രയേൽ സൈനികൻ. സ്ഥിരീകരണവുമായി ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് രംഗത്തെത്തി. ഡെബേലിലെ ക്രൈസ്തവ ഭൂരിപക്ഷ പ്രദേശത്തുള്ള പ്രതിമ സൈനികൻ തകർക്കുന്നതിന്റെ ചിത്രങ്ങൾ പ്രചരിക്കുകയും പ്രതിഷേധങ്ങളുയരുകയും ചെയ്തിരുന്നു. വിമർശനങ്ങൾ ശക്തമായതോടെയാണ് ചിത്രത്തിന്റെ ആധികാരികത പരിശോധിക്കാൻ ഇസ്രയേൽ സൈന്യം തീരുമാനിച്ചത്.
"പ്രാഥമിക പരിശോധനയിൽ ലെബനനിൽ പ്രവർത്തിക്കുന്ന ഇസ്രയേലി സൈനികനാണ് ചിത്രത്തിലുള്ളതെന്ന് വ്യക്തമായി. സംഭവത്തെ ഐഡിഎഫ് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. സൈനികന്റെ പ്രവർത്തി ഞങ്ങളുടെ മൂല്യങ്ങൾക്ക് വിപരീതമാണ്" എന്നാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയിലുള്ളത്. നിലവിൽ നോർത്തേൺ കമാൻഡ് സംഭവത്തിൽ അന്വേഷണം തുടരുകയാണ്. കുറ്റകൃത്യത്തിന്റെ ഭാഗമായവർക്കെതിരെ തക്കതായ ശിക്ഷാ നടപടിയുണ്ടാകുമെന്നും ഐഡിഎഫ് പ്രതികരിച്ചു.