ട്രംപിന്റെ ആരോഗ്യനില മോശമോ ?സമൂഹമാധ്യമങ്ങളിൽ സജീവചർച്ച

By :  Devina Das
Update: 2026-03-23 04:56 GMT

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോ​ഗ്യനില വഷളായെന്ന ചർച്ചകളാണ് സാമൂഹ്യമാധ്യമങ്ങളിൽ. വിമാനത്തിൽ നിന്ന് ശ്രദ്ധാപൂർവം പടികളിറങ്ങി വരുന്ന ട്രംപിന്റെ ചിത്രങ്ങൾ ഉൾപ്പെടെയാണ് പ്രചരിക്കുന്നത്. വിഡിയോ പ്രചരിച്ചതിന് പിന്നാലെ 79കാരനായ ട്രംപിന്റെ ആരോഗ്യനിലയെക്കുറിച്ച് വിശദമായ ചർച്ചകളാണ് നടക്കുന്നത്.മാർച്ച് 21ന് ട്രംപ് ഫ്ലോറിഡയിലെത്തിയപ്പോഴുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പതുക്കെ ശ്രദ്ധാപൂർവം പടിക്കെട്ടുകൾ ഇറങ്ങുന്ന ട്രംപാണ് വിഡിയോയിലുള്ളത്.

‘‘ട്രംപ് കൂടുതൽ പ്രായമുള്ളയാളായിരിക്കുന്നു. അദ്ദേഹം ക്ഷീണിതനാണ്. പടികൾ ഇറങ്ങാൻ പോലും അദ്ദേഹത്തിന് പറ്റുന്നില്ല’’ , വിഡിയോ പങ്കുവെച്ച ഒരാളുടെ അഭിപ്രായം. ട്രംപിന്റെ മുഖത്ത് ക്ഷീണമുണ്ടെന്നും അദ്ദേഹത്തിന് നടക്കാൻ സാധിക്കുന്നില്ലെന്നുമെല്ലാം പലരും വിഡിയോയിൽ കമന്റ് ചെയ്യുന്നുണ്ട്.കുറച്ച് ദിവസങ്ങൾക്ക് മുൻപ് കസേരയിൽ ഇരിക്കാൻ ബുദ്ധിമുട്ടുന്ന ട്രംപിന്റെ മറ്റൊരു വിഡിയോയും പ്രചരിച്ചിരുന്നു. മേശയുടെ ഇരുവശങ്ങളിലും പിടിച്ച് കസേരയിൽ ഇരിക്കുന്നതും ഇരിക്കുമ്പോൾ അദ്ദേഹത്തിന് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചുമെല്ലാം നേരത്തെ ചർച്ചകൾ ഉണ്ടായിരുന്നു. പിന്നാലെ അദ്ദേഹത്തിന് കണങ്കാലിൽ നീർവീക്കം, തൊലിയിൽ നിറവ്യത്യാസങ്ങൾ എന്നിവയുണ്ടെന്ന് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ട്രംപിന്റെ ആരോഗ്യത്തെ സംബന്ധിക്കുന്ന റിപ്പോർട്ടുകളൊന്നും ഇതുവരെയും യുഎസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

Similar News