സമാധാന കരാറിന് തയ്യാറാകണം ;ട്രംപിന്റെ ഭീഷണി തള്ളി ഇറാൻ

By :  Devina Das
Update: 2026-04-21 05:51 GMT

ടെഹ്റാൻ: സമാധാന കരാറിന് തയ്യാറാകണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾ‌ഡ് ട്രംപിന്റെ ഭീഷണി തള്ളി ഇറാൻ. ഭീഷണിപ്പെടുത്തി ചർച്ച നടത്താമെന്ന് ആരും കരുതേണ്ട. ഭീഷണിയുടെ നിഴലിൽ ചർച്ചയ്ക്ക് സന്നദ്ധരല്ലെന്നും ഇറാൻ സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബഫ് പറഞ്ഞു. ഉപരോധം ഏർപ്പെടുത്തിയും വെടിനിർത്തൽ ലംഘിച്ചും ചർച്ചാമേശയെ ട്രംപ് കീഴടങ്ങൽ മേശയാക്കാൻ നീക്കം നടത്തിയെന്നും ആദ്യ ചർച്ചയ്ക്ക് നേതൃത്വം വഹിച്ച ഖാലിബഫ് പറഞ്ഞു.വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പാക്കാനുള്ള രണ്ടാംവട്ട ചർച്ച അനിശ്ചിതത്വത്തിലാണ്. ഹോർമൂസിൽ ഇറാനിയൻ കപ്പൽ യുഎസ് സേന പിടിച്ചെടുത്തതാണ് സമാധാന നീക്കങ്ങളെ തകിടം മറിച്ചത്. വെടിനിർത്തലിന് ഇടയിലും ഇറാന്റെ കപ്പലുകൾക്ക് അമേരിക്ക നാവിക ഉപരോധം ഏർപ്പെടുത്തിയതും ഇറാനെ ചൊടിപ്പിച്ചിട്ടുണ്ട്. ഉപരോധം അവസാനിപ്പിക്കാതെ ചർച്ചയ്ക്കില്ലെന്നുമാണ് ഇറാന്റെ നിലപാട്.

സമാധാന കരാറിന് ഇറാൻ ഉടൻ തയ്യാറാകണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കിൽ നാവിക ഉപരോധം അവസാനിപ്പിക്കില്ല. ഉപരോധം ഇറാനെ തകർക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനുമായി കരാറിൽ ഏർപ്പെടാൻ തന്റെ മേൽ യാതൊരുവിധ സമ്മർദ്ദവുമില്ല. ഇറാനുമായുള്ള യുദ്ധത്തിൽ വലിയ വിജയത്തിലേക്ക് അമേരിക്ക നീങ്ങുകയാണെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.ഏപ്രിൽ 22 നാണ് രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ അവസാനിക്കുന്നത്. രണ്ടാം വട്ട സമാധാന ചർച്ചയ്ക്കായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇസ്ലാമാബാദിലേക്ക് തിരിച്ചു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ചർച്ചകൾക്കായി പാകിസ്ഥാനിലേക്ക് പ്രതിനിധിയെ അയക്കില്ലെന്നാണ് ഇറാന്റെ നിലപാട്. ചർച്ചകൾ നടക്കില്ലെന്ന സൂചനകൾ പുറത്തുവന്നതോടെ ഇറാനെ അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകൾ നടക്കുന്നുണ്ട്.

Similar News