ഇറാൻ്റെ പ്രതികാര പ്രതീകം: ജംകരാൻ പള്ളിയിൽ ചുവന്ന കൊടി ഉയർത്തി
Iran raised the red flag of vengeance at the Jamkaran Mosque
ടെഹ്റാൻ: ഇസ്രയേലിന്റെയും അമേരിക്കയുടെയും സംയുക്ത ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ, കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ സൂചന നൽകി.
ഖ്വാമിലെ പ്രശസ്തമായ ജംകരാൻ പള്ളിയുടെ മിനാരത്തിൽ (ഡോം) ചുവന്ന 'പ്രതികാര പതാക' ഉയർത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്, പള്ളിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഇത് പ്രത്യക്ഷപ്പെട്ടത്. "അമേരിക്കൻ-സയണിസ്റ്റ് കുറ്റവാളികളോട് പ്രതികാരം ചെയ്യും" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഷിയാ പാരമ്പര്യത്തിൽ, അന്യായമായി ചൊരിയപ്പെട്ട രക്തത്തിന് പകരം ചോദിക്കുമെന്നതിന്റെ ശക്തമായ മതപരവും സൈനികവുമായ പ്രതീകമാണ് ഈ ചുവന്ന പതാക. പരമോന്നത നേതാവിന്റെ രക്തത്തിന് നീതി ഉറപ്പാക്കാൻ ശക്തമായ ആക്രമണത്തിന് ഇറാൻ ഒരുങ്ങുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.മുമ്പും ഇത്തരം സാഹചര്യങ്ങളിൽ ജംകരാൻ പള്ളിയിൽ പ്രതികാര പതാക ഉയർത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഇസ്രയേൽ ആക്രമണത്തിനിടെയും, 2020-ൽ ജനറൽ ഖാസിം സൊലൈമാനിയെ യുഎസ് ഡ്രോൺ ആക്രമണത്തിൽ വധിച്ചപ്പോഴും ചുവന്ന കൊടി ഉയർത്തിയിരുന്നു. ഇപ്പോഴത്തെ നടപടി മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമാക്കുമെന്ന ആശങ്ക വർധിപ്പിക്കുന്നു.