അബുദാബിയിൽ ഇറാന്റെ മിസൈല്‍ ആക്രമണം; അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്

By :  Devina Das
Update: 2026-03-28 05:37 GMT

അബുദാബി: അബുദാബിയിലെ പ്രത്യേക സാമ്പത്തിക മേഖലയായ കെസാദിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ തകർക്കുന്നതിനിടെ അവശിഷ്ടങ്ങൾ വീണ അഞ്ച് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റതായി അധികൃതർ. രണ്ടിടങ്ങളിൽ തീപിടത്തമുണ്ടായതായും അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെയായിരുന്നു ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം. മിസൈലുകൾ ആകാശത്തുവച്ചുതന്നെ പ്രതിരോധ സേന തകർത്തു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.അബുദാബിയിലെ ഏറ്റവും വലിയ സാമ്പത്തിക മേഖലയാണ് കെസാദ്. ഇതാദ്യമായാണ് ഇവിടേയ്ക്ക് ഇറാൻ ആക്രമണം വ്യാപിപ്പിക്കുന്നത്. ടെഹ്റാനെതിരായ ആക്രമണം വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇസ്രയേൽ ഇറാന്റെ ആണവ നിലയങ്ങളിൽ ആക്രമണം നടത്തി.

ഇതിന് തിരിച്ചടി എന്ന നിലയിലാണ് ഇറാന്റെ ആക്രമണം. സൗദി അറേബ്യയിലെ സൈനിക താവളത്തിന് നേരെയും ഇറാൻ ആക്രമണം നടത്തി. ഇതിൽ അമേരിക്കൻ സൈനികർക്ക് പരിക്കേൽക്കുകയും വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായാണ് വിവരം.ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ വൻ മിസൈൽ ആക്രമണമാണ് നടത്തിയത്. ഇറാന്റെ ആണവായുധ നിർമാണ പദ്ധതികളിൽ നിർണായക പങ്കുവഹിക്കുന്ന അറാക് ഷാഹിദ് ഖൊണ്ടാബ് ഹെവി വാട്ടർ കോംപ്ലക്സിന് നേരെ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ അറിയിച്ചു. ആണവായുധങ്ങൾക്ക് ആവശ്യമായ പ്ലൂട്ടോണിയം ഉൽപ്പാദിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ് അറാകിലെ പ്ലാന്റ് എന്നും ലോകത്തിന് ഭീഷണിയായ ഇറാന്റെ ആണവ പദ്ധതിയെ തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു.അതേസമയം ആക്രമണത്തിൽ ആണവ കേന്ദ്രത്തിൽ നിലവിൽ ആണവ വികിരണ ഭീഷണിയോ ആളപായമോ ഇല്ലെന്നാണ് ഇറാനിയൻ ആറ്റോമിക് എനർജി ഓർഗനൈസേഷന്റെ പ്രാഥമിക നിഗമനം. സംഘർഷം ലഘൂകരിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രസ്താവിച്ചതിന് പിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം. ഊർജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന ട്രംപിന്റെ ഉറപ്പ് ലംഘിച്ചാണ് ഇസ്രയേൽ നീക്കം.

Similar News