ഗൾഫ് രാഷ്ട്രങ്ങളിലെ ബഹുരാഷ്ട്ര കമ്പനികളെ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം തുടരുന്നു
ദുബൈ: ഗൾഫ് രാഷ്ട്രങ്ങളിലെ ബഹുരാഷ്ട്ര കമ്പനികളെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം തുടരുന്നു. ദുബൈയിലെ ഒറാക്കിൾ ഓഫീസ് ലക്ഷ്യമിട്ട് ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ദുബൈ ഇന്റർനെറ്റ് സിറ്റിയിൽ ഇറാൻ ആക്രമണ ശ്രമം പ്രതിരോധിച്ചതായി യുഎഇ അറിയിച്ചു. ദുബൈ മറീന ഏരിയയിലെ ഓറാക്കിൾ ഓഫീസ് സമുച്ചയത്തിന് നേരെ ആയിരുന്നു ആക്രമണ ശ്രമം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും യുഎഇ അധികൃതർ അറിയിച്ചു. കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകളില്ല. എന്നാൽ, ദുബൈ നഗരത്തിലെ പ്രധാന ജനവാസ, വിനോദ സഞ്ചാര കേന്ദ്രമാണ് മറീന.നേരത്തെ, ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് സെന്ററിന് നേരെയും ഇറാൻ ആക്രമണം നടത്തിയിരുന്നു. ഗൾഫ് മേഖലയിലെ അമേരിക്കൻ സ്ഥാപനങ്ങളെ ലക്ഷ്യമിടുന്നതായി ഇറാൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ആക്രമണം. യുദ്ധത്തിലും ചാരവൃത്തിയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇറാൻ ബഹുരാഷ്ട്ര ടെക് കമ്പനികളെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകിയത്.
ആമസോൺ, മൈക്രോസോഫ്റ്റ്, ആപ്പിൾ, ഡൽ ടെക്നോളജീസ്, മൈക്രോസോഫ്റ്റ്, എച്ച്പി, സിസ്‌കോ, ഇന്റൽ, ഒറാക്കിൾ, ആപ്പിൾ, മെറ്റാ പ്ലാറ്റ്‌ഫോമുകൾ (ഫെയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം), ഐബിഎം, ജെപി മോർഗൻ ചേസ്, ടെസ്ല, ജനറൽ ഇലക്ട്രിക്, ബോയിംഗ് എന്നിവയാണ് ഐആർജിസിയുടെ ഹിറ്റ് ലിസ്റ്റിലുള്ള മറ്റ് അമേരിക്കൻ കമ്പനികൾ.അബുദാബി ലക്ഷ്യമിട്ടും ഇറാനിൽ നിന്ന് കഴിഞ്ഞ മണിക്കൂറുകളിൽ ആക്രമണം ഉണ്ടായിരുന്നു. ഇറാന്റെ മിസൈൽ- ഡ്രോൺ ആക്രമണങ്ങളിൽ അബുദാബിയിൽ അഞ്ച് ഇന്ത്യക്കാരടക്കം 12 പേർക്ക് പരിക്കേറ്റതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരിൽ ഏഴ് പേർ നേപ്പാൾ സ്വദേശികളാണ്. മിസൈൽ അവശിഷ്ടങ്ങൾ വീണതിനെ തുടർന്നു ഹബ്ഷാൻ ഗ്യാസ് പ്ലാന്റിലുണ്ടായ വൻ തീപിടിത്തം അഗ്‌നിശമന സേന നിയന്ത്രണവിധേയമാക്കി. മുൻകരുതൽ നടപടിയുടെ ഭാഗമായി പ്ലാന്റിലെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി. വിവിധയിടങ്ങളിലുണ്ടായ ആക്രമണങ്ങളിൽ യുഎഇയിൽ ആകെ പരിക്കു പറ്റിയവരുടെ എണ്ണം 203 ആയി ഉയർന്നു.