ഹോര്‍മൂസ് വീണ്ടും അടച്ച് ഇറാന്‍;യുഎസ് ഉപരോധം അവസാനിപ്പിക്കും വരെ കടലിടുക്ക് അടച്ചിടും
ടെഹ്‌റാൻ: ലബനനിലെ വെടിനിർത്തലിന് പിന്നാലെ തുറന്ന ഹോർമൂസ് വീണ്ടും അടച്ച് ഇറാൻ. ഇറാൻ ഹോർമൂസ് തുറന്നതായി പ്രഖ്യാപിച്ചിട്ടും ഉപരോധം അവസാനിപ്പിക്കാത്ത യുഎസ് നടപടി ചൂണ്ടിക്കാട്ടിയാണ് കടലിടുക്ക് അടയ്ക്കുന്നതെന്ന് ഇറാൻ സൈന്യം അറിയിച്ചു. യുഎസ് ഉപരോധം അവസാനിപ്പിക്കും വരെ കടലിടുക്ക് അടച്ചിടുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. മേഖല ഐർജിസിയുടെ കർശന നിരീക്ഷണത്തിലാണെന്നും ഇറാൻ അറിയിച്ചു.താത്കാലിക വെടിനിർത്തൽ അവസാനിക്കുന്നതു വരെ ഹോർമുസ് കടലിടുക്ക് തുറന്നു കിടക്കുമെന്നായിരുന്നു ഇറാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
ഇസ്രയേൽ- ലെബനൻ താത്കാലിക വെടിനിർത്തലിന്റെ പത്ത് ദിവസമാണ് ഹോർമുസ് പൂർണമായും തുറന്നു കിടക്കുകയെന്നു ഇറാൻ പ്രഖ്യാപിച്ചു. ഇത്രയും ദിവസം ഹോർമുസ് തുറന്നു കിടക്കുമെന്നു ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. വെടിനിർത്തൽ അവസാനിക്കുന്നതു വരെ എല്ലാ വാണിജ്യ കപ്പലുകൾക്കും യാത്ര ചെയ്യാമെന്നും അദ്ദേഹം എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു. എന്നാൽ ഇറാന്റെ പോർട്‌സ് ആൻഡ് മാരിടൈം ഓർഗനൈസേഷൻ നേരത്തെ തന്നെ അറിയിച്ച റൂട്ടിലൂടെ അല്ലാതെ യാത്ര അരുതെന്നും അരാഗ്ചി അറിയിച്ചിരുന്നു.