യുഡിഎഫ് അധികാരത്തിൽ വന്നാല്‍ ലീഗ് ഭരിക്കും ;മാറാട് ആവർത്തിക്കും;വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: യുഡിഎഫ് അധികാരത്തിൽ വരുമെന്ന സർവേ ഫലങ്ങൾ ശരിയാകണമെന്നില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അതിൽ തെറ്റും സംഭവിച്ചിട്ടുണ്ട്. ചെറിയ ഭൂരിപക്ഷത്തിലെങ്കിലും പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നാണ് തന്റെ കണക്കുകൂട്ടൽ. യുഡിഎഫ് വന്നാൽ ലീഗായിരിക്കും ഭരിക്കുക. അങ്ങനെ സംഭവിച്ചാൽ മാറാട് ആവർത്തിക്കും. ഇടതുപക്ഷം തോറ്റാൽ ജനാധിപത്യം തോറ്റൂ, മതാധിപത്യം ജയിച്ചു എന്നാണ് അർഥമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.'സർവേ ഫലങ്ങൾ എപ്പോഴും ശരിയാകണമെന്നില്ല. നാലാം തീയതി വരെ കാത്തിരുന്ന് ഫലം പറയുന്നതല്ലേ ഭംഗി. ഇടതുപക്ഷം അവസാനം 60 ലക്ഷം പേർക്കാണ് നാലായിരം രൂപ വീതം കൊടുത്തത്. പാവപ്പെട്ടവർക്ക് ഒരുപാട് സഹായങ്ങൾ ഇടതുപക്ഷം ചെയ്തു. ന്യൂനപക്ഷങ്ങൾക്കും ചെയ്തു. എന്നാൽ ഞാൻ കണക്കുകൂട്ടുന്നത് ചെറിയ ഭൂരിപക്ഷത്തിലെങ്കിലും പിണറായി സർക്കാർ അധികാരത്തിൽ വരുമെന്നാണ്. ഒരുപക്ഷേ എന്റെ ആഗ്രഹമായിരിക്കാം. തെറ്റാകാം. ശരിയാകാം. നാലാംതീയതി ഇതിനെ പറ്റി അവലോകനം നടത്തി പറയുന്നതായിരിക്കും ഭംഗി. ലീഗിന്റെ വക്താവായിട്ടാണല്ലോ സതീശൻ നിൽക്കുന്നത്. സതീശന്റെ പിന്നിലുള്ള ശക്തി ലീഗാണ്. അതുകൊണ്ടാണല്ലോ സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ലീഗിന്റെ നേതാക്കൾ പറഞ്ഞത്. ലീഗ് അങ്ങനെയൊരു അഭിപ്രായം പറയാൻ പാടില്ലായിരുന്നു. കോൺഗ്രസിൽ നിന്ന് ആര് മുഖ്യമന്ത്രിയാകണമെന്ന് ഘടകകക്ഷി എന്ന നിലയിൽ ലീഗ് പറയാമോ? കോൺഗ്രസിൽ നിന്ന് ആര് മുഖ്യമന്ത്രിയാകണമെന്ന് കോൺഗ്രസുകാരാണ് പറയേണ്ടത്. പാർലമെന്ററി പാർട്ടി കൂടി അവർ തീരുമാനിക്കണം. ലീഗ് മുൻകൂട്ടി അഭിപ്രായം പറഞ്ഞപ്പോൾ തന്നെ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് ഊഹിക്കാൻ സാധിക്കും. ഇവിടെ യുഡിഎഫ് ഭരണം വന്നാൽ ലീഗ് ഭരിക്കുമെന്നാണ് അർത്ഥം. ലീഗിന്റെ ഭരണം വന്നാൽ രാജ്യത്ത് അരാജകത്വം അല്ലാതെ എന്തെങ്കിലും ഉണ്ടാവുമോ? ഇവിടെ മാറാട് എത്രെണ്ണം ഉണ്ടാവും? എന്തെല്ലാം കുഴപ്പം അവർ സൃഷ്ടിക്കും.'- ലീഗിനെ വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു.'ലീഗിന്റെ സർവാധിപത്യത്തിന് നിന്നുകൊടുക്കാൻ മറ്റു ഘടകകക്ഷികൾ നിർബന്ധിതരാകും. ഇനി പെട്ടി തുറന്നാൽ ഞങ്ങൾക്ക് മുഖ്യമന്ത്രിയാകാനുള്ള അർഹതയുണ്ട് എന്നും അവർ പറയും. 27 ഉണ്ട്, ഞങ്ങൾക്ക് 26 എംഎൽഎമാർ ഉണ്ട്, അർഹത ഉണ്ട് എന്നെല്ലാം പറയും. മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിലും ഉപമുഖ്യമന്ത്രി കിട്ടിയേ തീരൂ എന്ന നിലപാട് സ്വീകരിക്കും. മറ്റു ഘടകകക്ഷികളോട് ഇരിക്കാൻ ലീഗ് പറയുമ്പോൾ കിടന്നുകൊടുക്കുന്നവരാണ് അവർ. ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അത്ഭുതപ്പെടാനില്ല. അവർ ചോദിക്കും. കൊടുക്കും. സാധാരണ മുഖ്യമന്ത്രിയല്ലേ വകുപ്പ് കൊടുക്കുന്നത്. ഇവിടെ പാണക്കാട് തങ്ങളല്ലേ വകുപ്പ് കൊടുക്കുന്നത്. അവിടെയല്ലേ പ്രഖ്യാപിക്കുന്നത്. ജനാധിപത്യത്തെ നശിപ്പിച്ച ഇങ്ങനെയൊരു സംവിധാനം കേരളത്തിൽ ഉണ്ടാവുമോ? ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് മന്ത്രിമാരെയും വകുപ്പുകളും പ്രഖ്യാപിച്ചത് മലബാറിലാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇങ്ങനെ എവിടെയെങ്കിലും നടന്നിട്ടുണ്ടോ? ഇടതുപക്ഷം തോറ്റൂ എന്നാൽ അർത്ഥം ജനാധിപത്യം തോറ്റൂ എന്നാണ്. മതാധിപത്യം ജയിച്ചു എന്നാണ് അർത്ഥം'- വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.