പശ്ചിമ ബംഗാളിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവം ;സുവേന്ദു അധികാരി മുഖ്യമന്ത്രി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ തകർത്തെറിഞ്ഞ് ബിജെപി അധികാരം പിടിച്ചതോടെ പുതിയ സർക്കാർ രൂപീകരണ ചർച്ചകൾ സജീവം . മമത ബാനർജിയുടെ ശിഷ്യനായിരുന്ന, ഇപ്പോൾ ബിജെപിയുടെ 'ജയന്റ് കില്ലർ' എന്നറിയപ്പെടുന്ന സുവേന്ദു അധികാരി ബംഗാളിന്റെ അടുത്ത മുഖ്യമന്ത്രിയാകും .ഭരണഘടനാനുസൃതമായി ഗവർണർ ആർ.എൻ രവി നിലവിലെ നിയമസഭ പിരിച്ചുവിട്ടു. പുതിയ ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊൽക്കത്തയിലെത്തി. സുവേന്ദു അധികാരിയെ സഹായിക്കാൻ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആലോചന.കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ബംഗാളിൽ ഉപമുഖ്യമന്ത്രി പദവി ഉണ്ടായിരുന്നില്ല. ജ്യോതി ബസു മന്ത്രിസഭയിൽ ബുദ്ധദേവ് ഭട്ടാചാര്യയാണ് ഈ പദവി അവസാനമായി വഹിച്ചത്. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.