സംസ്ഥാനത്ത് കാലവർഷം കനക്കുന്നു ;അതിശക്തമഴമുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കണക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ഇന്ന് അതിശക്തമഴയുണ്ടാകുമെന്നാണ് അറിയിപ്പ്. എറണാകുളം മുതൽ കാസർകോട് വരെ തീവ്രമഴയ്ക്ക് സാധ്യത .എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.ബാക്കിയുള്ള ആറു ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അധികൃതർ അറിയിച്ചു.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.തെക്കു പടിഞ്ഞാറൻ കാലവർഷം ഇന്നലെയാണ് കേരളത്തിൽ എത്തിയത്.ഇതോടൊപ്പം മധ്യ-കിഴക്കൻ അറബിക്കടലിനോട് ചേർന്നുള്ള ഗോവ തീരത്തിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. മഹാരാഷ്ട്രയിലെ മറാത്ത്വാഡ മുതൽ തെക്കുപടിഞ്ഞാറൻ അറബിക്കടൽ വരെ, കൊങ്കൺ-ഗോവ മേഖലയ്ക്ക് മുകളിൽ ഒരു ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടിരിക്കുന്നു. തെക്കൻ തെലങ്കാനയ്ക്കും അതിനോട് ചേർന്നുള്ള തീരദേശ ആന്ധ്രാപ്രദേശ്, യാനം എന്നിവയ്ക്ക് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു.വടക്കൻ ആൻഡമാൻ കടലിനും അതിന്റെ സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴിയും സ്ഥിതിചെയ്യുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായി ജൂൺ 8 വരെ തീയതികളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലോടും ശക്തമായ കാറ്റോടും (മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള) കൂടി വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.