ജനറൽ രാജ സുബ്രഹ്മണി പുതിയ സിഡിഎസ്സായി ചുമതലയേറ്റു
ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവിയായി (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് - സിഡിഎസ്) ആയി ജനറൽ എൻഎസ് രാജ സുബ്രഹ്മണി ചുമതലയേറ്റു. ജനറൽ അനിൽ ചൗഹാൻ വിരമിച്ചതിനെത്തുടർന്നാണ് രാജ സുബ്രഹ്മണി സംയുക്ത സൈനിക മേധാവി എന്ന സുപ്രധാന ചുമതലയേറ്റെടുത്തത്. പരമ വിശിഷ്ട സേവാമെഡൽ, അതിവിശിഷ്ട സേവാമെഡൽ തുടങ്ങി നിരവധി ബഹുമതികൾ രാജ സുബ്രഹ്മണിക്ക് ലഭിച്ചിട്ടുണ്ട്.സൈനിക രംഗത്ത് പരിഷ്‌കാരങ്ങൾ, സായുധ സേനകളുടെ പരിവർത്തനം, മൂന്ന് സൈനികരെയും ഒന്നിപ്പിക്കൽ എന്നിവ തന്റെ അടിയന്തര മുൻഗണനകളിൽ ഉൾപ്പെടുമെന്ന്, ചുമതലയേറ്റെടുത്തതിനു പിന്നാലെ ജനറൽ രാജ സുബ്രഹ്മണി പറഞ്ഞു. പ്രാഫഷണലിസത്തോടും പ്രവർത്തനപരമായ നിശ്ചയദാർഢ്യത്തോടും കൂടി സായുധ സേന ഇന്ത്യയുടെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കുന്നത് തുടരുമെന്ന് ജനറൽ സുബ്രഹ്മണി പറഞ്ഞു.
മുൻ സൈനിക ഉപദേഷ്ടാവായ ജനറൽ സുബ്രഹ്മണി അടുത്തിടെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റിൽ സൈനിക ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലൈ 31 ന് സൈന്യത്തിൽ നിന്നും വിരമിച്ച രാജ സുബ്രഹ്മണിയെ കേന്ദ്ര സർക്കാർ സംയുക്ത സൈനിക മേധാവിയായി നിയമിക്കുകയായിരുന്നു.നാല് പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തിൽ, ജനറൽ സുബ്രഹ്മണി വൈവിധ്യമാർന്ന പ്രവർത്തന മേഖലകളിൽ നിരവധി കമാൻഡ്, സ്റ്റാഫ്, ഇൻസ്ട്രക്ഷണൽ തസ്തികകൾ വഹിച്ചിട്ടുണ്ട്. 2024 ജൂലൈ മുതൽ 2025 ജൂലൈ വരെ വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫായി സേവനമനുഷ്ഠിച്ച അദ്ദേഹം, അതിന് മുമ്പ് സെൻട്രൽ കമാൻഡിന്റെ തലവനായിരുന്നു.
കൃഷ്ണ സ്വാമിനാഥൻ- നാവിക സേനാ മേധാവി
നാവിക സേനയുടെ മേധാവിയായി അഡ്മിറൽ കൃഷ്ണ സ്വാമിനാഥനും ചുമതലയേറ്റു. അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠിയുടെ പിൻഗാമിയായാണ് കൃഷ്ണ സ്വാമിനാഥൻ പുതിയ നേവി മേധാവിയായത്. നിലവിൽ വെസ്റ്റേൺ നേവൽ കമാൻഡിന്റെ ഫ്‌ലാഗ് ഓഫീസർ ഇൻ കമാൻഡിങ് ഇൻ ചീഫ് ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. നാവിക സേനയിൽ ആധുനികവൽക്കരണം ശക്തമാക്കുമെന്ന് ചുമതലയേറ്റ ശേഷം നാവികസേനാ മേധാവി കൃഷ്ണ സ്വാമിനാഥൻ വ്യക്തമാക്കി.