എറണാകുളത്തപ്പന്‍ ഗ്രൗണ്ടിന്റെ ഉടമസ്ഥാവകാശം ഭഗവാന്'; ഹൈക്കോടതി

By :  Devina Das
Update: 2026-04-08 06:44 GMT

കൊച്ചി: 'എറണാകുളത്തപ്പന് ഒരടി മണ്ണ്' എന്ന ക്യാംപയിൻ നടത്തി ഭാഗമായി സമാഹരിച്ച പണം കൊണ്ട് വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം ശിവക്ഷേത്രത്തിലെ പ്രതിഷ്ഠയിൽ നിക്ഷിപ്തമാണെന്ന് ഹൈക്കോടതി. എറണാകുളത്തപ്പൻ ക്ഷേത്രത്തിന്റെ സ്വത്ത് മുഴുവൻ കൈകാര്യം ചെയ്യേണ്ടത് കൊച്ചിൻ ദേവസ്വം ബോർഡാണെന്നും രണ്ടംഗ ദേവസ്വം ബെഞ്ച് വ്യക്തമാക്കി. എറണാകുളം ക്ഷേത്ര ക്ഷേമ സമിതിയുടെ കൈവശമുള്ള 1.18 ഏക്കർ ഭൂമിയുടേയുൾപ്പെടെ ഭരണനിർവഹണം കൊച്ചിൻ ദേവസ്വം ബോർഡിന് ആണെന്നും ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് വ്യക്തമാക്കി. എറണാകുളത്തപ്പൻ ഗ്രൗണ്ടുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് തീർപ്പാക്കിയാണ് ഉത്തരവ്.1.18 ഏക്കർ ഭൂമിയിലുള്ള എറണാകുളം ക്ഷേത്ര ക്ഷേമ സമിതിയുടെ ഉടമസ്ഥാവകാശം അസാധുവായി. സ്വത്ത് ദേവസ്വം ബോർഡിന്റെ പേരിൽ പോക്കുവരവ് ചെയ്യണം. ഇക്കാര്യം റവന്യു രേഖകളിലും, എറണാകുളം സബ് രജിസ്ട്രാർ ഓഫീസ് രേഖകളിലും ചേർക്കണം. ക്ഷേത്രത്തിന്റെ പേരിൽ ശേഖരിച്ച തുക കൃത്യമായി ഓഡിറ്റ് ചെയ്യണം. ക്രമക്കേട് കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ നിയമനടപടി ആരംഭിക്കണമെന്നും ദേവസ്വം ബെഞ്ച് നിർദേശിച്ചു.കേസ് പരിഗണിക്കവെ ക്ഷേത്രക്ഷേമ സമിതിക്കെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉന്നിയിച്ചത്. സ്വത്തിന്റെ പകുതി ക്ഷേത്രസമിതി കൈവശം വയ്ക്കുന്നത് കോടതി ഉത്തരവിന്റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിന്റെ പേരിൽ മാത്രമായിരിക്കണം കരാർ എന്ന് നിർദേശം നേരത്തെ തന്നെ കോടതി വ്യക്തമാക്കിയിരുന്നു. കോടതിയുടെ അനുമതിയോടെ ഫണ്ട് ശേഖരിച്ച സമിതി ട്രസ്റ്റിയുടെ സ്ഥാനത്താണുള്ളത്. നടപടികളിൽ സുതാര്യത ഉറപ്പാക്കണം. ഫണ്ടിന്റെ വിനിയോഗം കൃത്യമായി രേഖപ്പെടുത്തപ്പെട്ടില്ല. രേഖകൾ മോഷ്ടിക്കപ്പെട്ടെന്ന ആരോപണം ഫണ്ട് വിനിയോഗം മറയ്ക്കാൻ ആണെന്നും കോടതി കുറ്റപ്പെടുത്തി.

Similar News