പാമ്പ് കടിയേറ്റ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം

By :  Devina Das
Update: 2026-04-20 05:03 GMT

തൃശൂർ: എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. കോടാലിയിലാണ് സംഭവം. ആൽജോ ആണ് മരിച്ചത്. ആൽജോയുടെ ജ്യേഷ്ഠ സഹോദരൻ അനോജിനും പാമ്പിന്റെ കടിയേറ്റു. അനോജ് ​ഗുരുതരാവസ്ഥയിൽ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ. കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്നു പാമ്പിനെ കണ്ടെത്തി.

ശനിയാഴ്ച രാത്രി രണ്ട് മണിയോടെയാണ് രണ്ട് കുട്ടികൾക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തലേദിവസം ഒരു അവക്കാഡോ ജ്യൂസ് കുടിച്ച ശേഷമാണ് കുട്ടികൾ കിടന്നത്. അതുകൊണ്ടുതന്നെ മാതാപിതാക്കൾ അടക്കം എല്ലാവരും കരുതിയത് ഭക്ഷ്യ വിഷബാധയായിരിക്കാം എന്നാണ്.പിന്നാലെ ചാലക്കുടിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കുട്ടികളെ എത്തിക്കുകയായിരുന്നു. പരിശോധിച്ചപ്പോഴാണ് പാമ്പ് കടിയേറ്റതാണെന്ന് വ്യക്തമാകുന്നത്. രണ്ട് കുട്ടികളുടെയും ശരീരത്തിൽ പാമ്പ് കടിയേറ്റതിൻ്റെ അടയാളവും കണ്ടെത്തി. ചികിത്സക്കിടെയാണ് ആൽജോയുടെ മരണം സംഭവിച്ചത്.

നാട്ടുകാരും ബന്ധുക്കളും ചേർന്ന് വീടിനുള്ളിൽ വിശദമായി നടത്തിയ തിരച്ചിലിലാണ് കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്ക് അടിയിൽ നിന്നു പാമ്പിനെ കണ്ടെത്തിയത്. ശങ്കുവരയൻ/ വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പാണ് കുട്ടികളെ കടിച്ചത്.

Similar News