റെയിൽവേ നിയമങ്ങളിൽ അടിമുടി മാറ്റം;റീഫണ്ടിങ് സമയക്രമം വിശദമായി അറിയാം

By :  Devina Das
Update: 2026-03-25 05:31 GMT

ന്യൂഡൽഹി: ട്രെയിൻ യാത്രക്കാരുടെ ടിക്കറ്റുകൾ റദ്ദാക്കുന്ന നിയമങ്ങൾ ഇന്നലെ ഇന്ത്യൻ റെയിൽവേ പരിഷ്‌കരിച്ച സാഹചര്യത്തിൽ പുതിയ മാറ്റങ്ങൾ എന്താണെന്ന് അറിയാം.

72 മണിക്കൂർ മുമ്പ് റദ്ദാക്കണം

ബെർത്ത് ഉറപ്പായ ടിക്കറ്റുകൾ യാത്ര തുടങ്ങുന്നതിന് 72 മണിക്കൂർ മുമ്പ് റദ്ദാക്കിയാലേ മുഴുവൻ തുകയും തിരിച്ചു കിട്ടൂ.

റദ്ദാക്കൽ ചാർജ് ഇനത്തിലെ നാമമാത്രമായ തുകയേ ഈടാക്കൂ. നേരത്തെ ഇത് 48 മണിക്കൂർ മുമ്പ് വരെയായിരുന്നു.

ഏപ്രിൽ 15-നകം പരിഷ്‌കാരം നിലവിൽ വരുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

ട്രെയിൻ പുറപ്പെടുന്നതിന് 72 മുതൽ 24 മണിക്കൂർ മുൻപുവരെ റദ്ദാക്കിയാൽ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം തുക നഷ്ടമാകും.

24 മുതൽ എട്ട് മണിക്കൂർ വരെ റദ്ദാക്കിയാൽ 50 ശതമാനം തുക നഷ്ടമാകും.

എട്ട് മണിക്കൂറിനകത്താണ് റദ്ദാക്കുന്നതെങ്കിൽ മുഴുവൻ തുകയും നഷ്ടമാകും. നിലവിൽ ഇത് നാല് മണിക്കൂർ മുമ്പ് വരെയായിരുന്നുബോർഡിങ് സ്‌റ്റേഷൻ മാറ്റാം

ട്രെയിൻ പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പ് വരെ ബോർഡിങ് സ്റ്റേഷൻ മാറ്റാം. നിലവിൽ അന്തിമ ചാർട്ട് ഇറങ്ങുന്നതിനു മുമ്പ് മാത്രമാണ് ഈ സൗകര്യം.

കൗണ്ടർവഴി ടിക്കറ്റെടുക്കുന്നവർക്ക് പുറപ്പെടുന്നതിന് അരമണിക്കൂർ മുൻപുവരെ മാറ്റാം. നിലവിൽ ഇതും ചാർട്ടിങ്ങിനുമുമ്പ് വേണമായിരുന്നു.

കൗണ്ടർവഴി റിസർവ്ചെയ്യുന്ന ടിക്കറ്റ് യാത്ര അവസാനിക്കുന്ന സ്റ്റേഷനിൽ നിന്നുമാത്രമേ യാത്രക്കാർക്ക് നിലവിൽ റദ്ദാക്കാനാകുമായിരുന്നുള്ളൂ. ഇത് മാറ്റി രാജ്യത്തെ ഏത് സ്റ്റേഷനിൽനിന്നും ടിക്കറ്റ് റദ്ദാക്കാം.

Similar News