'ഡാഷ് മോനേ രേവന്താ.... മറുപടി വരുന്നുണ്ട്'; രേവന്ത് റെഡ്ഡിയുടെ പരാമർശത്തിനെതിരേ രൂക്ഷഭാഷയിൽ മുഖ്യമന്ത്രി
കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മോശം പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡാഷ് മോനേ രേവന്താ.... മറുപടി വരുന്നുണ്ട് എന്നു മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ എന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. രേവന്ത് റെഡ്ഡി കേരളത്തിൽ പറഞ്ഞ കാര്യങ്ങൾക്ക് താൻ ഇപ്പോൾ മറുപടി പറയാനില്ലെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.കണ്ണൂർ പ്രസ് ക്‌ളബ്ബ് നടത്തിയ ജനവിധി 2626 മീറ്റ് ദ ലീഡർ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. മുഖ്യമന്ത്രിയെക്കുറിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമർശം മാധ്യമപ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ അതിരൂക്ഷമായ പ്രതികരണം. കേരളത്തിലെ വികസന നേട്ടങ്ങളെ ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും തമ്മിൽ വാക്‌പോര് മുറുകുന്ന സാഹചര്യത്തിലാണ് പരാമർശം.
തനിക്കെതിരെ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തിങ്കളാഴ്ച പിണറായി വിജയന് കത്തയച്ചിരുന്നു ഏപ്രിൽ മൂന്നിന് എക്‌സ് സന്ദേശത്തിലൂടെ പിണറായി നടത്തിയ ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി നൽകിയായിരുന്നു കത്ത്. ആരോപണങ്ങൾ തികച്ചും കഴമ്പില്ലാത്തതാണെന്നും തെറ്റായ വിവരങ്ങളാണെന്നും രേവന്ത് റെഡ്ഡി കുറ്റപ്പെടുത്തി. 'നരസിംഹം' സിനിമയിലെ 'നീ പോ മോനേ ദിനേശാ' എന്ന മോഹൻലാൽ ഡയലോഗ് അനുകരിച്ച് 'നീ പോ മോനെ വിജയാ' എന്ന പരാമർശത്തോടെയാണ് രേവന്ത് കത്ത് അവസാനിപ്പിച്ചത്.ഇതിനെതിരെയാണ് ഡാഷ് മോനേ രേവന്താ നിനക്കുള്ള മറുപടി വരുന്നുണ്ടെന്ന് മുഖ്യമന്ത്രി പ്രതികരിച്ചത്. രേവന്ത് റെഡ്ഡി തെലങ്കാനയുടെ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിസ്ഥാനത്ത് ഇരിക്കുന്നയാൾ പാലിക്കേണ്ട മര്യാദകളുണ്ട്. അതനുസരിച്ചാണോ ഈ ഇടപെടലുകളെന്ന് അദ്ദേഹം സ്വയമേവ ചിന്തിക്കട്ടെ. ഏതായാലും അദ്ദേഹം പരസ്യമായി ഉന്നയിച്ച സാഹചര്യത്തിൽ അതിൽ പരസ്യമായി തന്നെ മറുപടി പറയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.