ഹോട്ടൽ മേഖലയിലെ പ്രതിസന്ധി ഒഴിവാകും ;സിലിണ്ടര്‍ വിഹിതം കൂട്ടി; സംസ്ഥാന വിഹിതം 66 ശതമാനമാക്കി

By :  Devina Das
Update: 2026-03-30 05:46 GMT

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വാണിജ്യസിലിണ്ടർ വിഹിതം 66 ശതമാനമാക്കി ഉയർത്തിയതിന് പിന്നാലെ ഹോട്ടൽ മേഖലയ്ക്ക് ദിവസം 13,433 സിലിണ്ടറുകൾ അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ദിവസം 26,160 സിലിണ്ടറുകളാണ് ലഭിക്കുന്നത്. ആശുപത്രികൾ, സ്‌കൂളുകൾ,ശ്മശാനങ്ങൾ, ഐടി, വ്യാവസായിക സ്ഥാപനങ്ങളിലെ കാന്റീനുകൾ, സമൂഹ അടുക്കള, സുഭിക്ഷ ഹോട്ടലുകൾ, വയോജന കേന്ദ്രങ്ങൾ, അനാഥാലയങ്ങൾ എന്നിവയ്ക്ക് മുൻഗണനയുണ്ട്.അർധ അവശ്യസേവന വിഭാഗത്തിലാണ് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ , ബേക്കറികൾ എന്നിവയെയും മരുന്ന് നിർമാണ കമ്പനികളെയും ഉൾപ്പെടുത്തിയിരിക്കുന്നത്. കാറ്ററിങ് യൂണിറ്റുകൾ, ഫിഷറീസ് , ഭക്ഷ്യസംസ്‌കരണ മേഖലകൾ എന്നിവയും ഇൗ വിഭാഗത്തിലാണ്. 62 ശതമാനം വിഹിതമാണ് ഇവയ്ക്കായി അനുവദിച്ചത്. വ്യാവസായിക വിഭാഗത്തിൽപ്പെടുന്ന സ്റ്റീൽ, ടെക്സ്റ്റൈൽസ്, ഓട്ടോമൊബൈൽസ്, പ്ലാസ്റ്റിക് കമ്പനികൾക്കും 62 ശതമാനം വിഹിതം നീക്കി വച്ചിട്ടുണ്ട്.നിലവിൽ കൂടുതൽ സിലിണ്ടർ ലഭിക്കുന്നത് എറണാകുളം ജില്ലയിലാണ്.19.39 ശതമാനം. കുറവ് കാസർകോട് ജില്ലയിലും. 1.17 ശതമാനം.കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച്, 5000ത്തിലേറെ സിലിണ്ടറുകൾ പ്രതിദിനം അനുവദിച്ചതിനാൽ ഹോട്ടൽമേഖലയിലെ പ്രതിസന്ധി ഒഴിവാകുമെന്നാണ് കരുതുന്നതെന്ന് അധികൃതർ പറഞ്ഞു. ഓരോ മേഖലയ്ക്കുമുള്ള ക്വാട്ട വിതരണം ചെയ്യണമെന്ന് എണ്ണക്കമ്പനികൾക്കും ഗ്യാസ് ഏജൻസികൾക്കും നിർദേശം നൽകി. പരാതിയുണ്ടെങ്കിൽ സെക്രട്ടേറിയറ്റ് വാർ റൂമിലെ ടോൾ ഫ്രീ നമ്പറിലും ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾക്കും ഹോട്ടൽ ഉടമകൾക്കും പരാതി നൽകാം. പരാതി ലഭിച്ചാൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് വാർ റൂമിൽനിന്ന് അറിയിച്ചു.

Similar News