വിജയ്‌യുടെസത്യവാങ്മൂലത്തില്‍ വൈരുദ്ധ്യം ;അയോഗ്യത കണക്കിലെടുത്ത് തിരുത്തൽ
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയിയുടെ സത്യവാങ്മൂലത്തിലെ വിവരങ്ങൾ പരസ്പര വിരുദ്ധം. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ പത്രിക നൽകിയ വിജയ്, രണ്ട് സ്ഥലങ്ങളിലും വ്യത്യസ്തമായ വിവരങ്ങളാണ് സമർപ്പിച്ചത്. അയോഗ്യത ഭീഷണി ഉയർന്നതോടെ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ശനിയാഴ്ച തിരുത്തലുകളോടെ പുതിയ സത്യവാങ്മൂലം സമർപ്പിച്ചാണ് താരം തടിയൂരിയത്. പെരമ്പൂരിൽ തിങ്കളാഴ്ച നൽകിയ ആദ്യ പത്രികയിൽ തനിക്കെതിരെ ക്രിമിനൽ കേസുകളില്ലെന്നാണ് വിജയ് രേഖപ്പെടുത്തിയിരുന്നത്.എന്നാൽ മൂന്ന് ദിവസത്തിന് ശേഷം തിരുച്ചിറപ്പള്ളിയിൽ പത്രിക നൽകിയപ്പോൾ തനിക്കെതിരെ രണ്ട് കേസുകളുണ്ടെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. പെരമ്പൂർ റാലിക്കിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനും 2025 ൽ മധുരയിൽ നടന്ന പാർട്ടി സമ്മേളനത്തിനിടെ അനുയായിയെ ബൗൺസർമാർ മർദ്ദിച്ചതിനുമാണ് വിജയ്ക്കെതിരെ കേസുകളുള്ളത്. കേസുകളുടെ കാര്യത്തിൽ മാത്രമല്ല, പ്രായത്തിന്റെ കാര്യത്തിലും പൊരുത്തക്കേടുണ്ട്. പെരമ്പൂരിലെ രേഖകളിൽ 52 വയസ്സെന്ന് നൽകിയപ്പോൾ തിരുച്ചിറപ്പള്ളിയിൽ ഇത് 51 എന്നാണ് രേഖപ്പെടുത്തിയത്. വിവരം വിവാദമായതോടെ, 2025-ലെ കേസിനെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും പിന്നീട് വിവരം ലഭിച്ചപ്പോൾ തിരുച്ചിറപ്പള്ളിയിൽ അത് ഉൾപ്പെടുത്തിയെന്നുമാണ് വിജയ് നൽകുന്ന വിശദീകരണം.