ബ്രഹ്മാസ്ത്രം തൊടുത്തു പാർട്ടി: രാഹുൽ ഔട്ട്

Congress Party kicks out Rahul Mamkoottathil

Update: 2025-12-04 12:42 GMT

തിരുവനന്തപുരം: ഒടുവില്‍ പുകഞ്ഞ കൊള്ളി പുറത്ത്. ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കി. രാഹുലിന്റെ ജാമ്യഹര്‍ജി കോടതി തള്ളിയതിനു പിന്നാലെയാണ് നടപ‌ടി.


നിലവില്‍ സസ്പെന്‍ഷനിലുള്ള രാഹുലിനെ പരാതികളുടെയും റജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എയാണ് അറിയിച്ചത്.


മാസങ്ങളോളം നീണ്ടുനിന്ന ആരോപണ, പ്രത്യാരോപണങ്ങള്‍ക്കൊടുവിലാണ് രാഹുല്‍ പാര്‍ട്ടിയില്‍നിന്നു പുറത്തു പോകുന്നത്. ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഒരു എംഎല്‍എയെ കോണ്‍ഗ്രസ് പുറത്താക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനവും മാസങ്ങള്‍ക്കുള്ളില്‍ പാര്‍ട്ടി പ്രാഥമിക അംഗത്വവും നഷ്ടമായ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

എഐസിസിയുടെ അനുമതിയോടെയാണ് പുറത്താക്കലെന്ന് സണ്ണി ജോസഫ് പറഞ്ഞു. നേതാക്കള്‍ ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്. രാഹുലിന്റെ ചെയ്തികള്‍ കോണ്‍ഗ്രസിന് കളങ്കമുണ്ടാക്കി. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണം. രാഹുല്‍ വിവാദം തിരഞ്ഞെടുപ്പിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. എംഎല്‍എ സ്ഥാനം രാജിവയ്ക്കണമോ എന്നതു രാഹുല്‍ തന്നെ തീരുമാനിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു.‌

രാഹുലിനെതിരെ പാര്‍ട്ടിക്കും രേഖാമൂലം പീഡനപരാതി ലഭിച്ചതോടെയാണ് തദ്ദേശതിരഞ്ഞെടുപ്പിനു മുന്‍പു തന്നെ കടുത്ത നടപടിയിലേക്കു കടക്കാന്‍ നേതൃത്വം തീരുമാനിച്ചത്. ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ രാഹുല്‍ പാര്‍ട്ടിയില്‍ തുടരുന്നത് തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാകുമെന്ന് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചതോടെയാണ് പുറത്താക്കല്‍. ഒരു ഘട്ടത്തില്‍ രാഹുലിനെ അനുകൂലിച്ചിരുന്ന പല നേതാക്കളും കൂടുതല്‍ പരാതികള്‍ വന്നതോടെ നിശ്ശബ്ദരായി. ആരോപണം ഉയര്‍ന്നപ്പോള്‍ത്തന്നെ സസ്പെന്‍ഡ് ചെയ്തുവെന്ന ന്യായീകരണമാണ് ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തിയിരുന്നത്. എന്നാല്‍ ഗുരുതരമായ ആരോപണങ്ങള്‍ തുടര്‍ച്ചയായി ഉയരുന്ന സാഹചര്യത്തില്‍ രാഹുല്‍ പാര്‍ട്ടിയില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ കടുത്ത നിലപാട് എടുത്തതോടെ നേതൃത്വം വഴങ്ങുകയായിരുന്നു.

രാഹുല്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും ഗര്‍ഭഛിദ്രത്തിനു പ്രേരിപ്പിച്ചുവെന്നുമുള്ള യുവതിയുടെ ശബ്ദസന്ദേശം ഓഗസ്റ്റിലാണു പുറത്തുവരുന്നത്. രാഹുല്‍ മോശമായി പെരുമാറിയെന്ന് യുവനടി റിനി ആന്‍ ജോര്‍ജ് വെളിപ്പെടുത്തുകയും ചെയ്തു. ഇതു സംബന്ധിച്ച് 'ഹു കെയേഴ്സ്' എന്ന് രാഹുല്‍ പ്രതികരിച്ചത് വലിയ വിവാദമായി. തുടര്‍ന്ന് പ്രതിഷേധം ശക്തമായപ്പോള്‍ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചു.


ഇതിനു പിന്നാലെ രാഹുലിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. ഓഗസ്റ്റ് 25ന് രാഹുലിനെ പാര്‍ട്ടിയില്‍നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്നും സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ സെപ്റ്റംബറില്‍ നിയമസഭ ചേര്‍ന്നപ്പോള്‍ രാഹുല്‍ സഭയിലെത്തിയത് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിഷേധത്തിനിടയാക്കി. പാലക്കാട്ട് തദ്ദേശ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ രാഹുല്‍ സജീവമായതിനിടയിലാണ് പുതിയ ശബ്ദസന്ദേശം പുറത്തുവന്നതും യുവതി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി കൈമാറിയതും. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തതു മുതല്‍ രാഹുല്‍ ഒളിവിലാണ്.

ഭരണവിരുദ്ധ വികാരവും ശബരിമല സ്വര്‍ണക്കവര്‍ച്ച കേസും ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്കിടെ രാഹുലിനെതിരെ പീഡനപരാതികൾ വന്നതിൽ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് കടുത്ത അമര്‍ഷമുണ്ടായിരുന്നു. സമാനമായ ആരോപണം നേരിടുന്നവര്‍ക്കെതിരെ സിപിഎം നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും സസ്പെന്‍ഷന്‍ പുറത്താക്കലിനു തുല്യമാണെന്നും ചൂണ്ടിക്കാട്ടി ഒരു വിഭാഗം രാഹുലിനെ പ്രതിരോധിക്കാന്‍ രംഗത്തെത്തിയതോടെ പാര്‍ട്ടിയില്‍ ഭിന്നത കടുത്തിരുന്നു.

Tags:    

Similar News