വാൽപ്പാറ അപകടത്തിൽ സമഗ്ര അന്വേഷണം;നഷ്ടപരിഹാരം നൽകും ;വി ശിവൻകുട്ടി
മലപ്പുറം: വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം നൽകും. വിദ്യാർഥികൾക്ക് കൗൺസലിങ് ഏർപ്പെടുത്തും. അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് സ്‌കൂളിൽ അധ്യാപകരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുദർശനം നടക്കുന്ന അമ്പലപ്പറമ്പ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെത്തി മരിച്ചവർക്ക് അന്ത്യാഞ്ജലി അർപ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.‘
‘അപകടത്തിൽ സമഗ്ര അന്വേഷണം നടത്തും. ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും മുഖ്യമന്ത്രി കൂടി ഇടപെട്ട് ചെയ്തിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത നമുക്ക് ഒരുമിച്ച് പുലർത്താം. സ്‌കൂളിലെ കാര്യങ്ങൾ തങ്ങളുടെ സ്വന്തം കാര്യം എന്നതുപോലെയാണ് അധ്യാപകർ ചെയ്തിരുന്നത്. മാതൃകയാക്കേണ്ട കാര്യമാണ് അവർ ചെയ്തിരുന്നത്. ശമ്പളം വാങ്ങുന്നതിനു വേണ്ടി പഠിപ്പിക്കുന്നു എന്നതിനപ്പുറം അവർ എന്തൊക്കെയോ ആയിരുന്നു ആ സ്‌കൂളിന്. ചികിത്സയിലുള്ളവർക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ചെയ്തു നൽകും’’– ശിവൻകുട്ടി പറഞ്ഞു