'വിശ്വഗുരു' എന്ന് അവകാശവാദം ; ഒരു പരീക്ഷ പോലും കൃത്യമായി നടത്താന്‍ കഴിയുന്നില്ല ;മോദിക്കെതിരെ വിമര്‍ശനവുമായി രാഹുൽഗാന്ധി

By :  Devina Das
Update: 2026-05-31 07:41 GMT

ന്യൂഡൽഹി: 'വിശ്വഗുരു' എന്ന് അവകാശപ്പെടുന്ന മോദി സർക്കാരിന് ഒരു പരീക്ഷ പോലും കൃത്യമായി നടത്താൻ കഴിയുന്നില്ലെന്ന രൂക്ഷ വിമർശനവുമായി രാഹുൽഗാന്ധി .രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായം പൂർണമായും തകർന്നുവെന്നും അദ്ദേഹം പറഞ്ഞു .രാജ്യത്തെ സർവകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിനുള്ള സിയുഇടി യുജി 2026 പരീക്ഷ നടന്നപ്പോൾ ചില കേന്ദ്രങ്ങളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈകിയിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.നീറ്റ്, സിബിഎസ്ഇ, എസ്എസ്സി, ഇന്ന് സിയുഇടി. നാലു പരീക്ഷകൾ. ഒരു കോടി വിദ്യാർഥികൾ. ഒന്നുപോലും കൃത്യമായി നടത്താൻ കഴിഞ്ഞില്ല, രാഹുൽ ഗാന്ധി പറഞ്ഞു.

വിശ്വഗുരു എന്ന് അവകാശപ്പെടുന്നു. പക്ഷേ ഒരു പരീക്ഷ പോലും നടത്താൻ കഴിയുന്നില്ല. മോദിജി മുഴുവൻ വിദ്യാഭ്യാസ സമ്പ്രദായവും പൂർണമായും തകർത്തു. നിങ്ങൾ ഭാവി നശിപ്പിക്കുന്ന അതേ തലമുറ തന്നെ നിങ്ങളോട് കണക്ക് ചോദിക്കുമെന്നും രാഹുൽ കുറ്റപ്പെടുത്തി.സർക്കാരിന്റെ നിലനിൽപ്പിനെക്കുറിച്ച് മാത്രമാണ് മോദിക്ക് കരുതലെന്നും ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെക്കുറിച്ച് ആശങ്കയില്ലെന്നും ഇന്നലെയും ആരോപിച്ചിരുന്നു. ചോദ്യ പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷ എഴുതിയ വിദ്യാർഥികളുമായി താൻ നേരത്തെ നടത്തിയ സംഭാഷണത്തിന്റെ വിഡിയോയും പരീക്ഷാ സംവിധാനത്തെക്കുറിച്ചുള്ള അവരുടെ ആശങ്കകളും രാഹുൽ പങ്കുവച്ചിരുന്നു.

Similar News