പെട്രോളിന്റെയും ഡീസലിന്റേയും അധിക എക്‌സൈസ് തീരുവ കുറയ്ക്കാന്‍ ഒരുങ്ങി കേന്ദ്രം

By :  Devina Das
Update: 2026-03-27 05:19 GMT

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ രാജ്യത്ത് ഇന്ധനവില വർധിക്കുന്നത് തടയാൻ നിർണായക നടപടിയുമായി കേന്ദ്രസർക്കാർ. പെട്രോളിന്റെയും ഡീസലിന്റേയും അധിക എക്‌സൈസ് തീരുവ കുറയ്ക്കാൻ തീരുമാനിച്ചു. പെട്രോളിന് നികുതി 10 രൂപയാണ് കുറച്ചത്.ഇതോടെ പെട്രോൾ തീരുവ 13 ആയിരുന്നത് മൂന്നായി കുറഞ്ഞു. ഡീസൽ അധിക തീരുവ 10 ആയിരുന്നത് പൂർണമായും ഒഴിവാക്കി. ഇതോടെ ഡീസൽ തീരുവ പൂജ്യമായി. പെട്രോൾ-ഡീസൽ ചില്ലറ വില വർധിക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് നടപടി. തീരുവ കുറച്ചെങ്കിലും ചില്ലറ വിൽപ്പന വിലയിൽ മാറ്റമുണ്ടാകില്ല.

പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ ബെന്റ് ക്രൂഡിന് വില ബാരലിന് 100 ഡോളറിന് മുകളിലാണ് നിൽക്കുന്നത്. ഇത് എണ്ണക്കമ്പനികൾക്ക് തിരിച്ചടിയായിരുന്നു. കൂടിയ വിലയ്ക്ക് വാങ്ങി കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നത് തുടരാനാകില്ലെന്ന് എണ്ണക്കമ്പനികൾ സൂചിപ്പിച്ചിരുന്നു. ഇന്ധന വില വർധിപ്പിക്കേണ്ടി വരുമെന്നും കമ്പനികൾ സർക്കാരിനെ അറിയിച്ചിരുന്നു.ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലർമാരായ നയാര എനർജി കഴിഞ്ഞദിവസം നയാര പെട്രോൾ-ഡീസൽ വില കൂട്ടിയിരുന്നു. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് ലിറ്ററിന് 3 രൂപയും ആണ് വർധിപ്പിച്ചത്. ഇതോടെ മറ്റ് എണ്ണകമ്പനികളും ഇന്ധന വില വർധിപ്പിച്ചേക്കുമെന്ന ആശങ്ക ഉയർന്നിരുന്നു.

Similar News