വെടിനിര്‍ത്തല്‍ ധാരണ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം;രണ്ടാംവട്ട ചര്‍ച്ച അനിശ്ചിതത്വത്തില്‍
ടെഹ്‌റാൻ: വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പാക്കാനുള്ള രണ്ടാംവട്ട ചർച്ച അനിശ്ചിതത്വത്തിൽ. മേഖലയിൽ സമാധാനം ഉറപ്പാക്കാൻ തിരക്കിട്ട നീക്കങ്ങൾ നടക്കുന്നതിനിടെയാണ് യുഎസിനോട് ഇറാൻ ഇടഞ്ഞു നിൽക്കുന്നത്. ഹോർമൂസിൽ ഇറാനിയൻ കപ്പൽ യുഎസ് സേന പിടിച്ചെടുത്ത പശ്ചാത്തലത്തിലാണ് ചർച്ചകളിൽ നിന്നും വിട്ടു നിൽക്കാൻ ഇറാൻ തീരുമാനിച്ചതെന്നാണ് വിവരം.ഇറാന്റെ കീഴടങ്ങൽ പ്രതീക്ഷിക്കേണ്ട എന്ന് ഇറാൻ പ്രസിഡന്റ് വ്യക്തമാക്കി. ചർച്ചകൾ നടക്കില്ലെന്ന സൂചനകൾ പുറത്തുവന്നതോടെ ഇറാനെ അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകൾ നടക്കുന്നുണ്ട്. ചർച്ചയിൽ പങ്കെടുക്കില്ലെന്ന ഔദ്യോഗിക പ്രതികരണം ഇറാൻ നൽകിയിട്ടില്ലെങ്കിലും ഹോർമൂസിലെ ഇടപെടലിൽ ഇറാൻ കടുത്ത അതൃപ്തിയിലാണ്. അമേരിക്കയുടെ നടപടിയിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ പ്രതികരിച്ചിരുന്നു.
വെടിനിർത്തലിന് ഇടയിലും ഇറാന്റെ കപ്പലുകൾക്ക് അമേരിക്ക നാവിക ഉപരോധം ഏർപ്പെടുത്തിയതും ഇറാനെ ചൊടിപ്പിച്ചിട്ടുണ്ട്. ഉപരോധം അവസാനിപ്പിക്കാതെ ചർച്ചയ്ക്കില്ലെന്നുമാണ് നിലപാട്. പാകിസ്ഥാൻ പ്രധാനമന്ത്രിയും ഇറാൻ പ്രസിഡന്റും തമ്മിലും പാക് - ഇറാൻ വിദേശകാര്യ മന്ത്രിമാർ തമ്മിലും പാകിസ്ഥാനിലെ ഇറാൻ അംബാസഡർ വഴിയും പാക് സൈനിക മേധാവി അസീം മുനീർ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സംസാരിച്ചുമെല്ലാം സമാധാന ചർച്ച നടത്താനുള്ള തിരക്കിട്ട ശ്രമങ്ങൾ നടത്തുന്നുണ്ട്.ഹോർമുസിലെ നാവിക ഉപരോധം ചർച്ചയ്ക്ക് പ്രതിബന്ധമാകുമെന്ന് പാകിസ്ഥാൻ അമേരിക്കയെ ധരിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ഹോർമുസിൽ അമേരിക്ക തങ്ങളുടെ കപ്പൽ പിടിച്ചെടുത്തതിന് പിന്നാലെ തന്നെ ഉടനടി തിരിച്ചടിക്ക് സജ്ജമായിരുന്നുവെന്നും ജീവനക്കാരും കുടുംബങ്ങളും കപ്പലിലുള്ളതിനാൽ ഒഴിവാക്കിയെന്നും ഇറാൻ സേനയെ ഉദ്ധരിച്ച് ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിയൻ ചരക്കുകപ്പൽ പിടിച്ചെടുത്ത യുഎസ് നടപടി കടൽക്കൊള്ളയാണെന്നും ഇറാൻ നേതൃത്വം വിമർശിച്ചിരുന്നു.