വാൽപ്പാറയിലെ വാഹനാപകടം ;അന്ത്യയാത്രയ്ക്കായി അവര്‍ സ്‌കൂളിലെത്തി; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍

By :  Devina Das
Update: 2026-04-18 04:53 GMT

മലപ്പുറം: കേരളത്തെ നടുക്കിയ വാൽപാറ വാഹനാപകടത്തിൽ മരിച്ച ഒൻപതുപേർക്ക് വിട ചൊല്ലാനൊരുങ്ങി നാട്. പൊള്ളാച്ചി ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ മൃതദേഹങ്ങൾ രാവിലെ ഒൻപതുമണിയോടെ പൊതുദർശനത്തിനായി മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയർസെക്കൻഡറി സ്‌കൂളിൽ എത്തിച്ചു. സമൂഹത്തിന്റെ നാനാതുറകളിലുള്ള ആയിരങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ടവർക്ക് അന്ത്യാഭിവാദ്യം അർപ്പിക്കാനായി എത്തിയത്.വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി ഇവിടെയെത്തി അന്തിമോചാരം അർപ്പിക്കും. കെടി ജലിൽ, പികെ കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉൾപ്പെടെ നിരവധി പ്രമുഖരും അന്തിമോപാചാരം അർപ്പിക്കാനായി എത്തിയിട്ടുണ്ട്. ഒരുമണിക്കൂർ നേരമാണ് പൊതുർശനം. അതിനശേഷമായിരിക്കും സംസ്‌കാര ചടങ്ങുകൾ.മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവണ്മെന്റ് എൽപി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ ഇന്നലെ വൈകിട്ട് 5.20 ന് ആണ് വാൽപാറ ചുരം റോഡിൽ 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്. കാഴ്ചകൾ എല്ലാം കണ്ട് നാട്ടിലേക്ക് മടങ്ങുമ്പോൾ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്‌മേൽ മറിഞ്ഞ് ഒൻപതാം വളവിലേക്ക് വീഴുകയായിരുന്നു. പൊള്ളാച്ചിയിൽനിന്ന് 30 കിലോമീറ്റർഅകലെയാണ് അപകടമുണ്ടായ സ്ഥലം. പെരിന്തൽമണ്ണയിൽനിന്ന് വാടകയ്‌ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവർ ഉൾപ്പെടെ13 പേർ യാത്ര പോയത്. ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്.

ജിഎൽപി സ്‌കൂളിനു സമീപത്തുള്ള പാങ്ങ് ജിയുപി സ്‌കൂളിലെ അധ്യാപിക ഷക്കീന(37), മകൾ മസ്‌നീൻ(10) ജിഎൽപി സ്‌കൂളിലെ പാചകത്തൊഴിലാളിയും അപകടത്തിൽ മരിച്ച സാജിതയുടെ മകനുമായ ഷഹദീൻ, ടൂറിസ്റ്റ് വാനിന്റെ ഡ്രൈവർ മുഹമ്മദ് ഫാഹിസ്(21) എന്നിവരാണ് പരുക്കുകളോടെ ചികിത്സയിൽ. ഇതിൽ മസ്‌നീൻ ഒഴികെ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവരെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ നിന്ന് കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മസ്‌നീൻ പൊള്ളാച്ചി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

പൊളളാച്ചിയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ ഹെയർപിൻ റോഡ്. വൈകിട്ട് 5.15 ന് ആയിരുന്നു അപകടം. അവധിക്കാലമായതിനാൽ സ്‌കൂളിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെ മൂന്നു മണിയോടെ ഉല്ലാസയാത്രയ്ക്കു പോയ അധ്യാപകരുടെയും ജീവനക്കാരുടെയും സംഘത്തിനാണ് ദാരുണ അപകടം ഉണ്ടായത്. പെരിന്തൽമണ്ണയിൽ നിന്ന് വാടകയ്‌ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവറും മൂന്നു കുട്ടികളും ഉൾപ്പെടെ 13 പേർ യാത്ര പോയത്.

ചാലക്കുടി എത്തിയ ശേഷം ആതിരപ്പിളളി വഴി മലക്കപ്പാറയിലൂടെ വാൽപ്പാറയിലേക്കാണ് ഇവർ വിനോദയാത്ര പോയത്. പരുക്കേറ്റ് ചികിത്സയിലായ ഡ്രൈവർ കോട്ടയ്ക്കൽ ചൂനൂർ സ്വദേശി മുഹമ്മദ് ഫാഹിസിന്റെ മൊഴി പൊളളാച്ചി പൊലീസ് രേഖപ്പെടുത്തി. നിയന്ത്രണം വിട്ട വാഹനം റോഡരികിൽ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് ഡ്രൈവർ മൊഴി നൽകിയത്.

വിനോദസഞ്ചാരത്തിന് പോയ സംഘം വാൽപ്പാറയിൽ എത്തിയ ശേഷം പൊള്ളാച്ചി വഴി കേരളത്തിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. 40 ഹെയർപിൻ വളവുകളുള്ള വഴിയിലൂടെ മടങ്ങുമ്പോൾ പതിമൂന്നാം വളവിൽ വച്ച് നിയന്ത്രണം വിട്ട വാൻ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് ഒൻപതാം ഹെയർപിൻ വളവിലേക്ക് മറിയുകയായിരുന്നു.

പരിക്കേവരെ വാൽപ്പാറയിൽ നിന്നും വാളയാറിൽ നിന്നും എത്തിയ രക്ഷാപ്രവർത്തകരും ഫയർ ഫോഴ്‌സ് അംഗങ്ങളും മറ്റു വാഹനങ്ങളിൽ പോയ യാത്രക്കാരും ചേർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തിൽ പെട്ട ടൂറിസ്റ്റ് വാനിനു പിന്നിൽ പോയ കാറിൽ നിന്ന് വിവരം അറിയിച്ചതാണ് രക്ഷാപ്രവർത്തനം വേഗത്തിലാക്കിയത്.

Similar News