വോട്ടെണ്ണലിന്റെ ആദ്യഘട്ടം പൂർത്തിയാകുമ്പോൾ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം; നേട്ടം ഉണ്ടാക്കി എന്‍ഡിഎ

By :  Devina Das
Update: 2026-05-04 03:47 GMT

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്റെ ആദ്യ ഒരുമണിക്കൂർ പൂർത്തിയാവുമ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം. പതിവിൽ നിന്ന് വ്യത്യസ്തമായി ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ എവിടെയും തരംഗം പ്രകടമല്ല. ഭരണവിരുദ്ധ വികാരമോ, ഭരണത്തുടർച്ചയോ വോട്ടെണ്ണലിൽ പ്രതിഫലിച്ചിട്ടില്ല എന്നാണ് ആദ്യ ഫല സൂചനകൾ വ്യക്തമാക്കുന്നത്. ഇത്തവണ വീണ്ടും അക്കൗണ്ട് തുറക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച എൻഡിഎയുടെ മുന്നേറ്റം എടുത്തുപറയേണ്ടതാണ്. നാലിടത്താണ് എൻഡിഎ മുന്നിട്ടുനിൽക്കുന്നത്.വാശിയേറിയ പോരാട്ടം നടക്കുന്ന ആറന്മുളയിൽ മന്ത്രി വീണാ ജോർജിന് കോൺഗ്രസിന്റെ അബിൻ വർക്കി വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ലീഡ് നില മാറിമറിയുന്ന ആറന്മുളയിൽ നിലവിൽ വീണാ ജോർജ് പിന്നിലാണ്. കളമശേരിയിൽ മന്ത്രി പി രാജീവ് പിന്നിലാണ് എന്നാണ് ആദ്യ ഫല സൂചനകൾ വ്യക്തമാക്കുന്നത്.

തപാൽ വോട്ടുകൾക്ക് പിന്നാലെ ഇവിഎമ്മിലെ വോട്ടുകൾ എണ്ണിത്തുടങ്ങി. വിട്ടുകൊടുക്കാൻ തയ്യാറല്ല എന്ന സൂചന നൽകി യുഡിഎഫും എൽഡിഫും വാശിയേറിയ പോരാട്ടമാണ് കാഴ്ചവെയ്ക്കുന്നത്. വോട്ടെണ്ണൽ രാവിലെ എട്ടുമുതലാണ് ആരംഭിച്ചത്. തപാൽ വോട്ടുകളാണ് ആദ്യം എണ്ണിയത് 8.30 മുതലാണ് ഇവിഎമ്മിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയത്. വോട്ടെണ്ണലിന് 15,465 ഉദ്യോഗസ്ഥരെയാണ് സജ്ജമാക്കിയിരിക്കുന്നത്.

കേരളത്തിൽ ഭരണം തിരിച്ചുപിടിക്കുമെന്നും ഭൂരിപക്ഷം 100 കടക്കുന്ന തരംഗമുണ്ടാകുമെന്നുമാണ് യുഡിഎഫ് ക്യാമ്പ് പ്രതീക്ഷിക്കുന്നത്. ഭരണത്തുടർച്ച ഉറപ്പെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. ഒന്നിലേറെ സീറ്റാണ് എൻഡിഎ പ്രതീക്ഷിക്കുന്നത്. കേരളത്തിൽ 140 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്.

Similar News