ബംഗാളില്‍ അഭിഷേക് ബാനര്‍ജിക്കെതിരെ ആള്‍ക്കൂട്ട ആക്രമണം

By :  Devina Das
Update: 2026-05-31 07:08 GMT

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്കെതിരെ ആൾക്കൂട്ട ആക്രമണം . തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളിൽ ഇരയായവരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ സോനാർപൂർ പ്രദേശത്ത് എത്തിയപ്പോഴായിരുന്നു ഇത്തരത്തിൽ ആക്രമണം ഉണ്ടായത് . ഒരുകൂട്ടം ആളുകൾ കല്ലുകളും ചെരുപ്പുകളും കോഴിയുമട്ടകളും എറിയുകയും, അദ്ദേഹത്തെ 'കള്ളൻ' എന്ന് വിളിച്ച് മർദ്ദിക്കുകയും ചെയ്തു. അതേസമയം, തനിക്കെതിരെ ആക്രമണം നടത്തിയത് ബിജെപിയാണെന്ന് അഭിഷേക് പറഞ്ഞു.ഒരു മാസം മുൻപ് വരെ ബംഗാളിൽ ചോദ്യം ചെയ്യപ്പെടാത്ത അധികാര കേന്ദ്രമായിരുന്ന ഒരു രാഷ്ട്രീയ നേതാവിനെതിരെ പൊതുജനരോഷം ഇത്തരത്തിൽ പൊട്ടിപ്പുറപ്പെടുന്ന ആദ്യത്തെ സംഭവമാണിത്. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് ഇരുപത്തിയഞ്ച് ദിവസങ്ങൾക്ക് ശേഷം തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പങ്കെടുക്കുന്ന ആദ്യത്തെ പൊതുപരിപാടിയായിരുന്നു ഇത്.

തെരഞ്ഞെടുപ്പിന് ശേഷം സോനാർപ്പൂരിൽ കൊലപ്പെട്ട ടിഎംസി പ്രവർത്തകന്റെ വീട് സന്ദർശിക്കാനായി എത്തിയതായിരുന്നു അഭിഷേക്. ഇന്നലെയാണ് അഭിഷേക് സന്ദർശത്തിന് എത്തുമെന്ന് ഔദ്യോഗികമായി പാർട്ടി പ്രവർത്തകരെ അറിയിച്ചത്. ബംഗാളിൽ ഭരണം മാറുന്നത് വരെ ഇസഡ് പ്ലസ് സുരക്ഷയുണ്ടായിരുന്ന അഭിഷേക് തന്റെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ നിമിഷം മുതൽ 'ചോർ, ചോർ' എന്ന മുദ്രാവാക്യങ്ങളോടെയാണ് ആളുകൾ അദ്ദേഹത്തെ നേരിട്ടത്.പിന്നാലെ ആൾക്കൂട്ടം ആക്രമണം അഴിച്ചുവിടുകയായിരുന്നു. അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമണത്തിനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി, സംഭവത്തിന്റെ വിഡിയോ മമത ബാനർജി ഉൾപ്പെടയുള്ളവർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.

Similar News