റഷ്യന്‍ സൈനിക വിമാനം തകർന്നുവീണ് 29 മരണം
മോസ്‌കോ: ക്രിമിയയിൽ റഷ്യൻ സൈനിക വിമാനം തകർന്നുവീണ് 29 പേർ മരിച്ചു . ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത് . എഎൻ-26 (An26) കാർഗോ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
പർവതമേഖലയിൽ ഇറങ്ങുന്നതിന് മുമ്പ് കൺട്രോളറുകളുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയും അപകടം സംഭവിക്കുകയായിരുന്നുവെന്നുവെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.വിമാനം ഒരു പാറക്കെട്ടിൽ ഇടിച്ചതായാണ് വിവരം. രക്ഷാപ്രവർത്തകർ അപകടസ്ഥലം കണ്ടെത്തിയെങ്കിലും യാത്രക്കാരുടേയോ ജീവനക്കാരുടേയോ ആരുടെയും ജീവൻ രക്ഷിക്കാനായില്ല. വിമാനത്തിലുണ്ടായിരുന്ന 23 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും മരിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയും അറിയിച്ചു. അപകടത്തിന് പിന്നിൽ അട്ടിമറി ശ്രമങ്ങളുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തലുകൾ. വിമാനത്തിന്റെ സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് കണ്ടെത്തൽ.
അപകടത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ചനേക്ഷിക്കുന്ന പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേക അന്വേഷണ സമിതി സ്ഥലത്തെത്തി അവശിഷ്ടങ്ങൾ പരിശോധിച്ചുവരികയാണ്. 2014 ൽ റഷ്യ യുക്രൈനിൽ നിന്ന് പിടിച്ചെടുത്ത വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.