അമേരിക്കൻ സൈനികതാവളങ്ങളെ ലക്ഷ്യം വയ്ക്കാൻ ഇറാൻ ചൈനീസ് ചാര ഉപഗ്രഹത്തെ ഉപയോഗിച്ചു;റിപ്പോർട്ട്
ലണ്ടൻ:പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനികതാവളങ്ങളെ ലക്ഷ്യം വയ്ക്കുന്നതിനായി ഇറാൻ ചൈനീസ് ചാര ഉപഗ്രഹത്തെ ഉപയോഗിച്ചതായി റിപ്പോർട്ട്. ചൈനീസ് കമ്പനിയായ ‘എർത്ത് ഐ’ നിർമ്മിച്ച് വിക്ഷേപിച്ച ‘TEE-01B’ എന്ന ഉപഗ്രഹം 2024ലാണ് ഐ ആർ ജി സി ചൈനീസ് ചാരഉപഗ്രഹം രഹസ്യമായി വാങ്ങിയത്.
ചോർന്ന ഇറാനിയൻ സൈനിക രേഖകളെ ഉദ്ധരിച്ചാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർ ബേസ്, ജോർദാനിലെ മുവാഫഖ് സാൽതി എയർ ബേസ്, ബഹ്‌റൈനിലെ യുഎസ് ഫിഫ്ത്ത് ഫ്ലീറ്റ് നേവൽ ബേസ്, ഇറാഖിലെ ഇർബിൽ എയർപോർട്ട് എന്നിവിടങ്ങളിൽ ഈ ഉപഗ്രഹം നിരീക്ഷണം നടത്തി.മാർച്ച് 13, 14, 15 തീയതികളിൽ ഉപഗ്രഹം പ്രിൻസ് സുൽത്താൻ എയർ ബേസിന്റെ ചിത്രങ്ങൾ പകർത്തി. മാർച്ച് 14-ന് ഈ താവളത്തിലെ യുഎസ് വിമാനങ്ങൾക്ക് നേരെ ആക്രമണമുണ്ടായതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചിരുന്നു. ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് തൊട്ടുമുമ്പും ശേഷവുമാണ് ഈ ചിത്രങ്ങൾ എടുത്തത്.
ഈ കരാറിന്റെ ഭാഗമായി ബീജിംഗ് ആസ്ഥാനമായുള്ള കമ്പനിയുടെ ഗ്രൗണ്ട് സ്റ്റേഷനുകൾ ഉപയോഗിക്കാൻ ഐആർജിസിക്ക് അനുവാദം ലഭിച്ചു. ഏഷ്യയും ലാറ്റിൻ അമേരിക്കയും ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ വ്യാപിച്ചു കിടക്കുന്ന നെറ്റ്‌വർക്കാണിത്. ഫെബ്രുവരി 28-ന് ഇറാനിലെ ബാലസ്റ്റിക് മിസൈൽ, ആണവ പദ്ധതികൾ തകർക്കുക എന്ന ലക്ഷ്യത്തോടെ യുഎസ്-ഇസ്രായേൽ സഖ്യം ബോംബാക്രമണം ആരംഭിച്ചിരുന്നു. തുടർന്ന് ഇറാൻ തിരിച്ചടി നൽകുകയും ഹോർമുസ് കടലിടുക്ക് ഉപരോധിക്കുകയും ചെയ്തു.
യുഎസ്-ഇസ്രായേൽ താവളങ്ങളെ ലക്ഷ്യമിടാൻ ഇറാൻ നേരത്തെ റഷ്യൻ ചാര ഉപഗ്രഹങ്ങളുടെ സഹായവും തേടിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ കൊണ്ടുവന്ന പ്രമേയത്തെ കഴിഞ്ഞ ആഴ്ച റഷ്യയും ചൈനയും വീറ്റോ ചെയ്തിരുന്നു. ഈ റിപ്പോർട്ടിനോട് വൈറ്റ് ഹൗസോ, പെന്റഗണോ, ചൈനീസ് വിദേശകാര്യ മന്ത്രാലയമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.