സിനിമയ്ക്ക് പിന്നാലെ 30 വര്‍ഷം; രക്ഷപ്പെടുത്തിയത് 'ഭൂത'വും 'കൂടോത്ര'വും

Director Santhosh Idukki Interview

By :  Rajesh
Update: 2025-09-24 08:00 GMT


പ്രശോഭ് രവി

സിനിമയെന്ന സ്വപ്നത്തിനു പിന്നാലെ മുപ്പത് വര്‍ഷത്തെ കഠിനാധ്വാനം. ഒടുവില്‍, സംവിധായകനും എഴുത്തുകാരനുമായി ഇടുക്കി കീരിത്തോട് സ്വദേശിയായ സന്തോഷ് ചാക്കോച്ചാന്‍ (സന്തോഷ് ഇടുക്കി) വരവറിയിക്കുന്നു.

സിനിമയെ തേടിയുള്ള യാത്ര, അതിലെ നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ എന്തൊക്കെയാണ്?

30 വര്‍ഷമായിട്ട് സിനിമയുടെ പുറകില്‍ നിരന്തര യാത്രകളായിരുന്നു. ഒരുപാട് നിര്‍മ്മാതാക്കളെയും നടീനടന്മാരെയും കണ്ടിട്ടുണ്ട്. ഒരു സംവിധായകനാകാന്‍ കഠിനമായി പരിശ്രമിച്ചിട്ടുണ്ട്. പല വേദനിപ്പിക്കുന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ ഇന്ന് ഈ അഭിമുഖം നല്‍കുമ്പോള്‍ അതെല്ലാം മധുരകരമായ ഓര്‍മ്മകളായി തോന്നുന്നു.

എപ്പോഴാണ് ആളുകളെ രസിപ്പിക്കാന്‍ കഴിയുന്ന ഒരു എഴുത്തുകാരന്‍ ഉള്ളിലുണ്ടെന്ന് തിരിച്ചറിഞ്ഞത്?

ഞാന്‍ ജന്മനാ അംഗവൈകല്യമുള്ള ഒരാളായിരുന്നു. അതുകൊണ്ടുതന്നെ പലയിടങ്ങളില്‍ നിന്നും ഒഴിവാക്കി നിര്‍ത്തപ്പെട്ട അവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ട്. അപ്പോഴെല്ലാം മറ്റുള്ളവരെ എങ്ങനെ എന്നിലേക്ക് ആകര്‍ഷിക്കാം എന്ന ചിന്ത എന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. പഠനകാലത്ത് കൂട്ടുകാരോട് കണ്ട സിനിമകളുടെ കഥകള്‍ പറയുന്ന ഒരു ശീലമുണ്ടായിരുന്നു. അങ്ങനെ സൗഹൃദ സദസ്സുകളിലെ കഥപറച്ചില്‍, എഴുതാന്‍ ഒരു കാരണമായിത്തീര്‍ന്നു. അമേച്വര്‍ നാടകങ്ങളും കോമഡി സ്‌കിറ്റുകളിലൂടെയുമാണ് തുടക്കം. ഒരുപാട് വേദനകളിലൂടെ കടന്നുപോയതുകൊണ്ടാവാം മറ്റുള്ളവരെ ചിരിപ്പിക്കാന്‍ എനിക്ക് വലിയ ഇഷ്ടമായിരുന്നു. പിന്നെ, ഞാന്‍ വലിയൊരു എഴുത്തുകാരന്‍ എന്ന പദവിക്ക് അര്‍ഹനല്ല. നമ്മളൊക്കെ എത്രയോ നിസ്സാര മനുഷ്യരാണ്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഇപ്പോള്‍ ഇങ്ങനെ അവസരങ്ങള്‍ ലഭിക്കുന്നു.

ആദ്യ സിനിമയുടെ എഴുത്ത് മുതല്‍ ഇതുവരെ എത്തിനില്‍ക്കുമ്പോള്‍ സ്വയം എങ്ങനെയാണ് വിലയിരുത്തുന്നത്?

വളരെ സന്തോഷമുണ്ട്. സ്വയം വിലയിരുത്തുമ്പോള്‍ ഇനിയും ഒരുപാട് ദൂരം പിന്നിടാനുണ്ട്, ഒരുപാട് പഠിക്കാനുണ്ട്, ഒരുപാട് ശ്രമിക്കാനുണ്ട് എന്ന തിരിച്ചറിവാണ് എനിക്കുള്ളത്.

താങ്കളുടെ എഴുത്തിന്റെ ഒരു രീതി പറയാമോ?

കഥ എഴുതുന്നതിനോട് ഭയങ്കരമായ മടുപ്പുള്ള ഒരാളാണ് ഞാന്‍. ഏതെങ്കിലും ഒരു ആശയം കിട്ടിയാല്‍, ആദ്യം തന്നെ അതിനൊരു ക്ലൈമാക്സ് ഉണ്ടാക്കും. നമ്മുടെ സിനിമയ്ക്ക് ഇന്റര്‍വെല്‍ നിര്‍ബന്ധമായതുകൊണ്ട്, അത്തരത്തില്‍ രണ്ടുമൂന്ന് ബ്ലോക്കിംഗ് ഏരിയകള്‍ ഉണ്ടാക്കും. അതിനുശേഷം സിനിമയുടെ തുടക്കം എഴുതും. പിന്നീട് ഒരു സീന്‍ ഓര്‍ഡര്‍ ഉണ്ടാക്കി തിരക്കഥയിലേക്കും സംഭാഷണങ്ങളിലേക്കും വികസിപ്പിക്കുന്ന ഒരു രീതിയാണ് ഞാന്‍ ചെയ്യുന്നത്. പല എഴുത്തുകാരും പല രീതികളില്‍ ആണല്ലോ എഴുതുന്നത്. വലിയ എഴുത്തുകാരെയൊക്കെ പിന്തുടരാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്.

താങ്കളുടെ ആദ്യ സംവിധാന സംരംഭത്തെക്കുറിച്ച്?

വര്‍ഷങ്ങള്‍ക്കുമുമ്പ് നാടകം സംവിധാനം ചെയ്യുക, മിമിക്രിയില്‍ ആയിരുന്നപ്പോള്‍ കോമഡി ഷോ സംവിധാനം ചെയ്യുക, പിന്നീട് ടെലിഫിലിമുകള്‍ സംവിധാനം ചെയ്യുക, ഷോര്‍ട്ട് ഫിലിംസ് സംവിധാനം ചെയ്യുക എന്നിങ്ങനെ വളരെ ആഗ്രഹത്തോടെയാണ് ഈ മേഖലയിലേക്ക് കടന്നുവന്നത്. കോവിഡ് സമയത്ത് രണ്ട് പ്രോജക്ടുകള്‍ നടക്കാനിരുന്നതാണ്, നിര്‍ഭാഗ്യവശാല്‍ അത് നടന്നില്ല. ഇപ്പോഴും ഒരു സിനിമ സംവിധാനം ചെയ്യാനിരുന്നതാണ്, പക്ഷേ ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം നടന്നില്ല. എന്നാലും മനസ്സ് തളര്‍ന്നില്ല. സ്വന്തം നാട്ടിലെ അഭിനയിക്കാന്‍ ആഗ്രഹമുള്ള ഒരുപിടി കലാകാരന്മാരെ വെച്ച്, ഒരു മാസം നീണ്ടുനിന്ന ആക്ടിംഗ് വര്‍ക്ക്‌ഷോപ്പ് നടത്തി, ഒരു ചെറിയ സിനിമ ഇപ്പോള്‍ സംവിധാനം ചെയ്തു. 'നിധി കാക്കും ഭൂതം' എന്നാണ് ആ സിനിമയുടെ പേര്. ഒരു നാട്ടിലെ മുഴുവന്‍ കലാകാരന്മാരുടെയും കൂട്ടായ ഒരു ചെറിയ ശ്രമമാണിത്. ഇന്നത്തെ സമൂഹത്തില്‍ നടക്കുന്ന ചില സംഭവങ്ങള്‍ നര്‍മ്മത്തില്‍ അവതരിപ്പിക്കാനാണ് ഈ സിനിമ ശ്രമിക്കുന്നത്.

ഈ സിനിമയുടെ പിന്നില്‍ കഴിവുറ്റ ഒരുപാട് സാങ്കേതിക വിദഗ്ദ്ധരുണ്ട്. റോണി റാഫേല്‍ ആണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സേതു അടൂര്‍ ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ഋഷി രാജുവാണ് ഛായാഗ്രഹണം. വാഴൂര്‍ ജോസും പി ആര്‍ സുമേരനുമാണ് വാര്‍ത്താവിതരണം. ജ്യോതിഷ് കുമാര്‍ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നു. രവീന്ദ്രന്‍ കീരിത്തോട് എന്ന 74 വയസ്സുള്ള ഒരു കലാകാരനാണ് ഇതിലെ നായകന്‍. മലയാള സിനിമയ്ക്ക് അദ്ദേഹം ഒരു മുതല്‍ക്കൂട്ടാകും എന്ന് ഞാന്‍ ഉറപ്പു തരുന്നു. ഒന്നര മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള ഒരു കൊച്ചു സിനിമയാണിത്. കേരളത്തിന് പുറമേ തമിഴ്‌നാട്ടിലെ തേനി, കമ്പം തുടങ്ങിയ സ്ഥലങ്ങളിലും ഇതിന്റെ ചിത്രീകരണം നടന്നു.

എഴുത്തില്‍ വ്യക്തിപരമായി സ്വാധീനം ചെലുത്തി എന്ന് വിശ്വസിക്കുന്ന മുന്‍ഗാമികള്‍

തീര്‍ച്ചയായും ഗുരുതുല്യനായി കാണുന്ന ശ്രീനിവാസന്‍ സാര്‍ തന്നെയാണ് ആദ്യ വ്യക്തി. എം ടി വാസുദേവന്‍ നായര്‍ സാര്‍, ലോഹിതദാസ് സാര്‍, കലൂര്‍ ഡെന്നിസ്, സിദ്ദിഖ്-ലാല്‍ എന്നിവരൊക്കെ എന്നെ ഒരുപാട് സ്വാധീനിച്ചവരാണ്. ഞാന്‍ ഏറെ ബഹുമാനത്തോടെ കാണുന്ന എഴുത്തുകാരാണ് ഇവരൊക്കെ.

ഇടുക്കിയുടെ കര്‍ഷക മണ്ണ് താങ്കളുടെ ആദ്യ സിനിമാ തിരക്കഥയെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്?

ഇടുക്കിയെ ശരിക്കും ആരും സിനിമയില്‍ കാര്യമായി ഉപയോഗിച്ചിട്ടില്ല. ഞാന്‍ ഇടുക്കിയില്‍ ജനിച്ചുവളര്‍ന്ന് ഇവിടെ ജീവിക്കുന്ന ഒരാളായതുകൊണ്ട് ഈ നാടിന്റെ ഭംഗിയും ഇവിടുത്തെ ആളുകളും ജീവിതരീതികളും ഏതൊരു കഥാപരിസരത്തിനും അനുയോജ്യമാണ്. നമ്മള്‍ കണ്ടുവളര്‍ന്ന ജീവിതങ്ങളും വായനയിലൂടെയും പഠനത്തിലൂടെയും കിട്ടുന്ന അറിവുകളുമാണല്ലോ എഴുത്തിന് കാരണമായിത്തീരുന്നത്. അങ്ങനെ ഒരുപാട് കഥാപ്രസരങ്ങളും സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും ഇടുക്കിയിലുണ്ട്. ഒരിക്കലും പറഞ്ഞുതീര്‍ക്കാന്‍ കഴിയാത്തത്ര കഥകള്‍ ഇവിടെയുണ്ട്. ഇടുക്കി ജില്ലയുടെ പ്രകൃതിഭംഗി മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്തത്ര മനോഹരമാണ്. അതുകൊണ്ടുതന്നെ എന്റെ സിനിമയില്‍ ഇടുക്കിയെ മനോഹരമായി അവതരിപ്പിക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. ഒരു കര്‍ഷകന്റെ മകനായി ജനിച്ചതുകൊണ്ടുതന്നെ ഈ മണ്ണും, ഇവിടുത്തെ നല്ല വായുവും, നല്ല വെള്ളവും നല്ല സിനിമയ്ക്ക് വളക്കൂറാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

കലാരംഗത്തെ മുന്നേറ്റത്തിന് നാടും കുടുംബവും നല്‍കുന്ന പിന്തുണ എത്രമാത്രമാണ്?

പപ്പയും മമ്മിയും വളരെയേറെ പിന്തുണ നല്‍കിയിട്ടുണ്ട്. പലരും 'മകന് വേറെ ജോലിയില്ലേ?' എന്ന് ചോദിക്കുമ്പോള്‍, 'അവന്‍ സിനിമ ചെയ്യാന്‍ പോവുകയാണ്' എന്ന് പറഞ്ഞ് വര്‍ഷങ്ങളോളം കാത്തിരുന്നിട്ടുണ്ട്. ഇന്നിപ്പോള്‍ അവരുടെ മുന്നില്‍വെച്ചാണ് എന്റെ ഈ സിനിമകള്‍ നടക്കുന്നത്. 'കൂടോത്രം' എന്ന സിനിമ എഴുതി സ്വന്തം നാട്ടില്‍ അതിന്റെ ചിത്രീകരണം നടത്താന്‍ എനിക്ക് സാധിച്ചു. സിനിമയെ സ്നേഹിക്കുന്നവര്‍ ഒരിക്കലും മനസ്സ് തളരാതെ അതിനുവേണ്ടി ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ ഒരുനാള്‍ അവര്‍ വിജയിക്കും എന്നുള്ളതാണ് ഏറ്റവും വലിയ സത്യം. പിന്നെ, എന്റെ നാട് ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തില്‍ കീരിത്തോട് എന്ന് പറയുന്ന ഒരു ഗ്രാമമാണ്. എന്റെ നാട്ടുകാര്‍ എനിക്ക് നല്‍കിയ പിന്തുണയാണ് ഇന്ന് ഞാന്‍ ഇവിടെ നില്‍ക്കാന്‍ കാരണം. ആദ്യകാലത്തെ മിമിക്രി സ്റ്റേജുകള്‍ മുതല്‍ ഇന്ന് ഈ സിനിമ വരെ കീരിത്തോട് എന്ന ഗ്രാമത്തില്‍ നിന്നു തന്നെയാണ് ഞാന്‍ വളര്‍ന്നുവന്നത്. അതുകൊണ്ടുതന്നെ എന്റെ നാട്ടുകാരോടും വീട്ടുകാരോടുമുള്ള നന്ദി ഒരിക്കലും വാക്കുകളാല്‍ പറഞ്ഞുതീര്‍ക്കാന്‍ കഴിയുന്നതല്ല.

ഭാവി പ്രോജക്ടുകള്‍

ഇനി വരാനിരിക്കുന്നത് രണ്ട് തിരക്കഥകളാണ്. രണ്ട് സംവിധായകര്‍ക്ക് വേണ്ടിയാണ് അവ കമ്മിറ്റ് ചെയ്തിരിക്കുന്നത്. ഞാന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന അടുത്ത സിനിമ, മലയാളത്തിലെ പ്രമുഖരായ ചില താരങ്ങളെ വെച്ചുള്ള ഒരു മുഴുനീള തമാശ ചിത്രമായിരിക്കും. ഒരു വലിയ ബാനറാണ് അത് നിര്‍മ്മിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം വരാത്തതുകൊണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ല. ഇടുക്കി തന്നെയായിരിക്കും അതിന്റെ പ്രധാന ലൊക്കേഷന്‍. അതിനുശേഷം പുതിയ കലാകാരന്മാരെ വെച്ച്, മിക്കവാറും 'നിധി കാക്കും ഭൂതം' ടീമില്‍ നിന്ന് തന്നെയുള്ളവരെ ഉള്‍പ്പെടുത്തി ഒരു സിനിമ പദ്ധതിയിട്ടിട്ടുണ്ട്. കഥയും സംഭവങ്ങളും ഒക്കെയായിട്ടുണ്ട്.


Similar News