ആഗോള തലത്തില്‍ ചർച്ചാവിഷയമായ എപ്സ്റ്റീന്‍ ഫയല്‍സില്‍ പേര് വന്നതിനെ കുറിച്ച് അനുരാഗ് കശ്യപ്

By :  Devina Das
Update: 2026-02-06 09:01 GMT

ആഗോള തലത്തിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ് എപ്സ്റ്റീൻ ഫയൽസ്. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കോടതി രേഖകൾ, ഇ-മെയിലുകൾ, ഇരകളുടെ മൊഴികൾ, ചിത്രങ്ങൾ തുടങ്ങിയവയാണ് എപ്സ്റ്റീൻ ഫയൽസ്. ഈ ഫയലുകളിൽ പേര് വന്ന പ്രമുഖരിൽ ലോകനേതാക്കളും സിനിമാ താരങ്ങളും ബിസിനസ് പ്രമുഖരുമെല്ലാമുണ്ട്.എപ്സ്റ്റീൻ ഫയൽസിൽ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്റെ പേര് പരാമർശിക്കപ്പിട്ടുണ്ടെന്ന വാർത്ത ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു.

അനുരാഗിന് പുറമെ മീര നായർ, നന്ദിത ദാസ് തുടങ്ങിയവരുടെ പേരുകളും ഉയർന്നു കേട്ടിരുന്നു. 2017 ൽ ബീജിംഗിൽ നടന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ടാണ് അനുരാഗിന്റെ പേര് പരാമർശിക്കപ്പെട്ടത്.ബോളിവുഡ് ഗായ്, പ്രശസ്ത ബോളിവുഡ് സംവിധായകൻ എന്നാണ് മെയിലുകളിൽ അനുരാഗിനെക്കുറിച്ച് പരാമർശിക്കുന്നത്. വാർത്ത വലിയ വിവാദമായതോടെ അനുരാഗ് തന്നെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

ഹിന്ദുസ്ഥാൻ ടൈംസിനോടായിരുന്നു അനുരാഗിന്റെ പ്രതികരണം.''എനിക്ക് ഇതേക്കുറിച്ച് ഒരു ധാരണയുമില്ല. പ്രഭാഷകനായി എനിക്ക് ധാരാളം ക്ഷണം ലഭിക്കാറുണ്ട്. മാസത്തിൽ പതിനഞ്ചെങ്കിലും. ഞാൻ അപൂർവ്വമായി മാത്രമേ മറുപടി നൽകാറുമുള്ളൂ. മാത്രമല്ല, ജീവിതത്തിലൊരിക്കലും ഞാൻ ബീജിംഗിൽ പോയിട്ടുമില്ല'' എന്നാണ് അനുരാഗിന്റെ പ്രതികരണം. അതേസമയം തന്റെ പേരിൽ പ്രചരിക്കപ്പെടുന്ന ഇ-മെയിലിന്റെ വിശ്വാസ്യതയേയും അനുരാഗ് സംശയിക്കുന്നുണ്ട്.

''അതൊരു റാൻഡം ഇ-മെയിൽ ആണ്. അതിൽ നിന്നു തന്നെ വ്യക്തമാണ്. എന്റെ പേരിലുള്ള ക്ലിക്ക് ബൈറ്റുകൾ എന്റെ സിനിമകളേക്കാൾ പ്രശസ്തമാണ്'' എന്നും അനുരാഗ് പറയുന്നു.

Similar News