ബിജു മേനോനെതിരെ ഗുരുതര ആരോപണവുമായി ബി ഉണ്ണികൃഷ്ണൻ

By :  Devina Das
Update: 2026-02-09 09:33 GMT

ബിജു മേനോനെതിരെ ഗുരുതര ആരോപണവുമായി സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണൻ. കരാർ ഉണ്ടായിട്ടും ബിജു മേനോൻ പ്രൊമോഷൻ പരിപാടിയിൽ പങ്കെടുത്തില്ലെന്നും അത് മൂലം നിർമാതാവിന് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ബി ഉണ്ണികൃഷ്ണൻ ആരോപിക്കുന്നത്.ജീത്തു ജോസഫ് ഒരുക്കിയ വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കും ബിജു മേനോൻ പങ്കെടുത്തിരുന്നില്ല. ഇതും ബി ഉണ്ണികൃഷ്ണൻ ചൂണ്ടിക്കാണിക്കുന്നുണ്ട്.

പ്രതിഫലത്തിന്റെ പേരിൽ വാശി പിടിക്കുന്നവർ പ്രൊമോഷന്റെ കാര്യത്തിലും അതേ താൽപര്യം കാണിക്കണമെന്നാണ് ബി ഉണ്ണികൃഷ്ണൻ പറയുന്നത്.''മലയാള സിനിമയിലെ ഒരു പ്രധാനപ്പെട്ട നടൻ പ്രൊമോഷന് ചെല്ലാത്തതു കൊണ്ട് ഒരു നിർമാതാവിന്, അദ്ദേഹം സംവിധായകൻ കൂടെയാണ്.

ഞങ്ങളുടെ മെമ്പറുമാണ്, 25 ലക്ഷം രൂപയാണ് ചാനലിൽ നിന്നും കിട്ടുന്നതിൽ നിന്നും കുറഞ്ഞത്. ചെറിയൊരു തുകയാണോ അത്? അതേ നടൻ ഇപ്പോൾ ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയുടെ പ്രൊമോഷനും പോയിട്ടില്ല.

ഞാൻ ബിജു മേനോനെക്കുറിച്ചാണ് സംസാരിക്കുന്നത്. എനിക്ക് പേര് പറയാനൊന്നും മടിയില്ല'' ബി ഉണ്ണികൃഷ്ണൻ പറയുന്നു.''അദ്ദേഹം പോയിട്ടില്ല. പ്രൊമോഷൻ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കരാറിലുള്ളതല്ലേ. ഞാൻ പറയുന്നത് ഞങ്ങളോട് വേതന വ്യവസ്ഥയിൽ തർക്കിക്കുന്നതിന്റെ പത്ത് ശതമാനം കാർക്കശ്യം അവിടെ കാണിക്കൂവെന്നാണ്.

സിനിമ പ്രൊമോട്ട് ചെയ്യാനുള്ള ബാധ്യത എനിക്കാണെന്ന് കരാറിൽ ഒപ്പിടുക. എന്നിട്ട് പോകാതിരിക്കുക. അതിന്റെ മുകളിൽ ആ നിർമാതാവിന് 25 ലക്ഷം രൂപ നഷ്ടം വരിക. ഇപ്പോൾ വന്ന സിനിമയിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. ഇത്തരം കാര്യങ്ങൾ കറക്ട് ചെയ്യണം'' എന്നും ബി ഉണ്ണികൃഷ്ണൻ പറയുന്നു.

Similar News